ഓട്ടവ: കാനഡയിൽ നിർമ്മിക്കുന്ന പുതിയ വിമാനങ്ങൾക്ക് അമേരിക്കയിൽ വിലക്കേർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ ചോദ്യം ചെയ്ത് വിദഗ്ധർ. വിമാനക്കമ്പനികളെയും യാത്രക്കാരെയും ഒരുപോലെ ബാധിക്കുന്ന ഈ നീക്കം പ്രായോഗികമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ നൽകാനുള്ള അധികാരം അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനാണ് (FAA) ഉള്ളതെന്നും, വൈറ്റ് ഹൗസിന്റെ പുതിയ മുന്നറിയിപ്പിൽ വിമാന ഗതാഗത മേഖല പരിഭ്രാന്തരാകേണ്ടതില്ലെന്നും കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസി അധികൃതർ പറഞ്ഞു.
കനേഡിയൻ വിമാന നിർമ്മാണ കമ്പനിയായ Bombardier Inc. നെ ലക്ഷ്യം വെച്ചാണ് ട്രംപ് പ്രധാനമായും ഭീഷണി മുഴക്കിയത്. ജോർജിയ ആസ്ഥാനമായുള്ള ഗൾഫ് സ്ട്രീം കമ്പനിയുടെ നാല് തരം ബിസിനസ് ജെറ്റുകൾക്ക് സർട്ടിഫിക്കേഷൻ നൽകാൻ കാനഡ വിസമ്മതിക്കുന്നു എന്ന് ആരോപിച്ചാണ് ട്രംപ് രംഗത്തെത്തിയത്. ഇതിന് പകരമായി Bombardier വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ റദ്ദാക്കുമെന്നും നികുതി വർദ്ധിപ്പിക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.

നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളെ ബാധിക്കില്ലെന്നും പുതുതായി നിർമ്മിക്കുന്നവയ്ക്ക് മാത്രമായിരിക്കും നിയന്ത്രണമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പിന്നീട് വ്യക്തത വരുത്തിയിട്ടുണ്ട്. കാനഡയിൽ നിർമ്മിക്കുന്ന വിമാനങ്ങളിൽ ഭൂരിഭാഗവും അമേരിക്കൻ ഭാഗങ്ങൾ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അതിനാൽ കനേഡിയൻ വിമാനങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നത് അമേരിക്കൻ വ്യോമയാന മേഖലയ്ക്ക് തന്നെയാകും തിരിച്ചടിയാവുക എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
