Saturday, January 31, 2026

ഓട്ടവയില്‍ വാഹനാപകടത്തിൽ മരിച്ച യുവാവിൻ്റെ മൃതദേഹം മഞ്ഞിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി

ഒട്ടാവ: വാഹനാപകടത്തിൽ മരിച്ച യുവാവിൻ്റെ മൃതദേഹം മഞ്ഞിൽപുതഞ്ഞ നിലയിൽ അടുത്തദിവസം കണ്ടെത്തി. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കോൾ മിസ്‌നർ-നെല്ലിനാ (24 ) ണ് ദാരുണമായ നിലയിൽ ജീവൻ നഷ്‌ടപ്പെട്ടത്‌. ജനുവരി 23-ന് രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടമെന്നാണ്‌ സൂചന. ബാങ്ക് സ്ട്രീറ്റിനും മോണിംഗ് സൈഡ് അവന്യൂവിനും സമീപം രാത്രി 11:30-ഓടെയാണ് കോൾ ഓടിച്ചിരുന്ന മിനിവാൻ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും വാഹനത്തിനുള്ളിലോ സമീപത്തോ ആരെയും കണ്ടെത്തിയില്ല. വാഹനത്തിന്റെ ഉടമയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പോലീസ് സംഘം അവിടെനിന്ന് മടങ്ങി. അടുത്ത ദിവസം രാവിലെ വീണ്ടും സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരാണ് വാഹനത്തിൽ നിന്നും അല്പം മാറി മഞ്ഞിൽ പുതഞ്ഞ നിലയിൽ കോളിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രിയിൽ അപകടം നടന്നപ്പോൾ തന്നെ കോൾ വാഹനത്തിന് പുറത്തേക്ക് തെറിച്ചുവീണിരിക്കാമെന്നാണ് കരുതുന്നത്‌. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് ഒന്റാരിയോയിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU) അന്വേഷണം തുടങ്ങി. അപകടസ്ഥലത്ത് പോലീസ് എത്തിയപ്പോൾ വേണ്ടത്ര പരിശോധന നടത്തിയിരുന്നോ എന്ന്‌ അന്വേഷിക്കും.

120 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് SIU അധികൃതർ അറിയിച്ചു. ഭാര്യ ലൊറാലി ബെയ്‌ലിയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും അടങ്ങുന്ന കോളിന്റെ കുടുംബം ഈ വിയോഗത്തിൽ തകർന്നിരിക്കുകയാണ്. സ്വന്തമായി ഒരു ഫാം തുടങ്ങണമെന്ന സ്വപ്നവുമായി കഠിനാധ്വാനം ചെയ്തിരുന്ന യുവാവായിരുന്നു കോളെന്ന്‌ കുടുംബാംഗങ്ങൾ പറഞ്ഞു. കോളിന്റെ സംസ്കാരച്ചടങ്ങുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി സുഹൃത്തുക്കൾ GoFundMe വഴി ധനസമാഹരണം നടത്തുന്നുണ്ട്. കാനഡയിലെ കഠിനമായ ശൈത്യകാലത്ത് രാത്രികാല യാത്രകൾ നടത്തുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!