Saturday, January 31, 2026

2.38 ലക്ഷം പേർക്ക് ഫാമിലി ഡോക്ടർമാരില്ല: ആരോഗ്യരംഗത്ത് ലക്ഷ്യം കാണാതെ ന്യൂബ്രൺസ്‌വിക്ക്

ഫ്രെഡറിക്ടൺ : സർക്കാരിന്റെ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ട് ന്യൂബ്രൺസ്‌വിക്ക് പ്രീമിയർ സൂസൻ ഹോൾട്ട്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 15 ഹ്രസ്വകാല ലക്ഷ്യങ്ങളിൽ പത്തെണ്ണം കൈവരിക്കാൻ സർക്കാരിന് സാധിച്ചെങ്കിലും, പ്രാഥമിക ആരോഗ്യ പരിരക്ഷയുടെ കാര്യത്തിൽ സർക്കാർ പിന്നോട്ടുപോയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു ഡോക്ടറുടെയോ നഴ്സ് പ്രാക്ടീഷണറുടെയോ സേവനം ലഭ്യമായവരുടെ എണ്ണം 79 ശതമാനത്തിൽ നിലനിർത്താൻ ലക്ഷ്യമിട്ടിരുന്നെങ്കിലും നിലവിൽ അത് 72.5 ശതമാനമായി കുറഞ്ഞു. ഏകദേശം 2.38 ലക്ഷം ആളുകൾക്ക് ഇപ്പോൾ സ്വന്തമായി ഫാമിലി ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. ഇത് തന്നെ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും ഇത് പരിഹരിക്കാനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും പ്രീമിയർ വ്യക്തമാക്കി.

ആരോഗ്യ മേഖലയ്ക്ക് പുറമെ വിദ്യാഭ്യാസ രംഗത്തെ ചില ലക്ഷ്യങ്ങളിലും സർക്കാരിന് പരാജയം രുചിക്കേണ്ടി വന്നിട്ടുണ്ട്. പ്രവിശ്യാതല ഗണിതശാസ്ത്ര പരീക്ഷകളിൽ വിജയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, മുൻ വർഷത്തെ അപേക്ഷിച്ച് നിലവാരം താഴുകയും ചെയ്തു. എന്നാൽ ഭവന നിർമ്മാണം, നഴ്സിങ് ഹോം വെയ്റ്റ്‌ലിസ്റ്റ് നിയന്ത്രിക്കൽ, ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കൽ തുടങ്ങിയ പത്ത് മേഖലകളിൽ മികച്ച മുന്നേറ്റം നടത്താൻ സർക്കാരിന് കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പ്രവിശ്യ കടന്നുപോകുന്നതെന്നും ആരോഗ്യ-സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്തുന്നതിനായി ജനപ്രിയമല്ലാത്ത പല ചെലവ് ചുരുക്കൽ നടപടികളും വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ടി വരുമെന്നും പ്രീമിയർ സൂചന നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!