മുംബൈ: അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് ആടിയുലയുന്ന എൻ.സി.പി. നേതൃത്വം, അദ്ദേഹത്തിൻ്റെ ഭാര്യ സുനേത്രാ പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം സജീവമാക്കി. നിലവിൽ സുനേത്ര രാജ്യസഭാംഗമാണ്. എം.എൽ.എ.മാരെയെല്ലാം ഒന്നിച്ചുനിർത്തി ബി.ജെ.പി. മുന്നണിയോടൊപ്പം പാർട്ടിയെ നയിക്കാൻ കഴിയുന്ന നേതാവ് വേണമെന്ന നിലപാടിലാണ് പാർട്ടി. പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായും സുനേത്രയുടെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. മറാഠയിൽ നിന്നുള്ള നേതാവിനെ മാത്രമേ പാർട്ടിഎം.എൽ.എ.മാർ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കുകയുള്ളൂ എന്ന വിലയിരുത്തലിൻ്റെ കൂടി അടിസ്ഥാനത്തിലാണിത്. ബാരാമതിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സുനേത്രാ പവാർ സ്ഥാനാർഥിയാ യേക്കുമെന്നും അവർ പിന്നീട് നിയമസഭാകക്ഷി നേതാവാകുമെന്നാണ് സൂചന. എൻ.സി.പി. വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയ സമയത്തു തന്നെയായിരുന്നു അജിത് പവാറിൻ്റെ വിടവാങ്ങൽ. പുണെയിലെയും പിംപ്രി -ചിഞ്ച്‌വാഡിലെയും മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾക്കായി ഇരുപാർട്ടികളും ഒന്നിച്ചു മുന്നോട്ടു പോകാനുള്ള ധാരണകൾ തുടങ്ങിയിരുന്നു. അജിത് പവാറിന്റെ മരണത്തോടെ ആര് പിൻഗാമിയാകും എന്നതിനെ കുറിച്ചും പാർട്ടി ലയനസാധ്യതയും വീണ്ടും ചർച്ചാവിഷയമായി.

സുനേത്രാ പവാർ വർഷങ്ങളോളം രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നിരുന്നു. 2024-ൽ ശരദ്പവാറിന്റെ മകളായ സുപ്രിയാ സുലെയ്ക്കെതിരേ ബാരാമതി ലോക്‌സഭാ സീറ്റിൽ മത്സരിച്ചപ്പോഴാണ് വീണ്ടും രാഷ്ട്രീയത്തിൽ സജീവമായത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മത്സരം അവർക്ക് പാർട്ടി നേതാവ് എന്ന പരിവേഷം നൽകി. 2024-ൽ മഹായുതി സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് എതിരില്ലാതെ അവർ തിരഞ്ഞെടുക്കപ്പെട്ടു. ബാരാമതിയുമായുള്ള ബന്ധമാണ് സുനേത്രയുടെ ഏറ്റവും വലിയ ശക്തി. അജിത് പവാറിന്റെ മകൻ പാർഥ് പിൻഗാമിയായി വാഴ്‌ത്തപ്പെട്ടെങ്കിലും മാവലിൽനിന്ന് മത്സരിച്ചപ്പോഴുള്ള തോൽവി അദ്ദേഹത്തെ രാഷ്‌ട്രീയത്തിൽ നിന്നും അകറ്റി. പാർട്ടിപ്രവർത്തകരെയും എം.എൽ.എ.മാരെയും സുനേത്രാ പവാറിലൂടെ ഒന്നിപ്പിച്ചുനിർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് പാർട്ടി നേതാക്കൾ.
