Saturday, January 31, 2026

രേഖകൾ വിവർത്തനം ചെയ്യാൻ എഐ; ‘ChatGNB’ അവതരിപ്പിച്ച് ന്യൂബ്രൺസ്‌വിക്ക്

ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്‌വിക്ക് സർക്കാർ തങ്ങളുടെ ആഭ്യന്തര രേഖകൾ വിവർത്തനം ചെയ്യുന്നതിനായി ‘ChatGNB’ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനംഅവതരിപ്പിച്ചു. സർക്കാർ ജീവനക്കാർക്ക് മാത്രമായി ലഭ്യമായ ഈ വെബ്സൈറ്റ് കഴിഞ്ഞ ഒരു വർഷമായി ധനകാര്യ വകുപ്പും ട്രഷറി ബോർഡും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. മൈക്രോസോഫ്റ്റ് അസ്യൂറിന്റെ ജിപിടി-4 ടർബോ മോഡലിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. മറ്റ് എഐ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ സ്വകാര്യതയും സുരക്ഷയും ഈ വെബ്സൈറ്റ് ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

പുതിയ സംവിധാനം നടപ്പിലാക്കാൻ സർക്കാരിന് അധിക ചിലവുകൾ ഉണ്ടായിട്ടില്ലെന്നും ഇത് കാര്യക്ഷമത വർധിപ്പിക്കാനും ചിലവ് കുറയ്ക്കാനും സഹായിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആശയങ്ങൾ രൂപീകരിക്കാനും രേഖകളുടെ കരട് തയ്യാറാക്കാനും സംഗ്രഹങ്ങൾ നിർമ്മിക്കാനും ഈ സംവിധാനം ഉപയോഗിക്കാം. എന്നാൽ, തങ്ങളുടെ വരുമാന മാർഗ്ഗം തടസ്സപ്പെടുമെന്നും ജോലി നഷ്ടപ്പെടുമെന്നും വിവർത്തകർ ആശങ്ക പ്രകടിപ്പിച്ചു. കോർപ്പറേഷൻ ഓഫ് ട്രാൻസ്ലേറ്റേഴ്സ്, ടെർമിനോളജിസ്റ്റ്സ് ആൻഡ് ഇന്റർപ്രെറ്റേഴ്സ് ഓഫ് ന്യൂബ്രൺസ്‌വിക്ക് പ്രസിഡന്റ് സെർജി പെട്രോവ് ഈ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി.

എഐ ഉപയോഗിച്ചുള്ള വിവർത്തനങ്ങളുടെ കൃത്യതയെക്കുറിച്ചും പെട്രോവ് മുന്നറിയിപ്പ് നൽകി. സന്ദർഭത്തിനനുസരിച്ചുള്ള വിവർത്തനം നടത്തുന്നതിൽ എഐക്ക് പരിമിതികളുണ്ടെന്നും ഭാഷയുടെ ഗുണനിലവാരത്തെ ഇത് ബാധിക്കുമെന്നും പെട്രോവ് വിലയിരുത്തി. ഔദ്യോഗിക രേഖകൾ മനുഷ്യസഹായമില്ലാതെ വിവർത്തനം ചെയ്യുന്നത് ഭാവിയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എഐ തയ്യാറാക്കുന്ന വിവർത്തനങ്ങളുടെ കൃത്യതയും ഫോർമാറ്റിങ്ങും പരിശോധിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.

എഐ സംവിധാനം വികസിച്ചാലും കരാറുകൾ, നയരേഖകൾ, പൊതുജനങ്ങൾക്കായി പുറത്തിറക്കുന്ന രേഖകൾ എന്നിവയുടെ വിവർത്തനം സർവീസ് ന്യൂബ്രൺസ്‌വിക്കിലെ വിവർത്തന വിഭാഗം തന്നെ തുടർന്നും നിർവ്വഹിക്കുമെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങളോ അതീവ രഹസ്യ സ്വഭാവമുള്ള രേഖകളോ കൈകാര്യം ചെയ്യാൻ ഈ എഐ സംവിധാനം ഉപയോഗിക്കരുതെന്ന് നിർദ്ദേശമുണ്ട്. 2023 ഏപ്രിൽ വരെയുള്ള വിവരങ്ങൾ മാത്രമാണ് ഈ മോഡലിന് ലഭ്യമായിട്ടുള്ളതെന്നും ഇന്റർനെറ്റ് ലഭ്യത ഇതിനില്ലെന്നും വെബ്സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!