ഓട്ടവ : കാനഡയിലെ അഭയാർഥികൾക്ക് നൽകി വരുന്ന ഇടക്കാല ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (IFHP) സുപ്രധാന മാറ്റങ്ങൾ വരുത്തി ഫെഡറൽ സർക്കാർ. പദ്ധതിയുടെ വർധിച്ചുവരുന്ന ചിലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, മേയ് 1 മുതൽ മരുന്നുകൾക്കും മറ്റ് അധിക ആരോഗ്യ സേവനങ്ങൾക്കും ഗുണഭോക്താക്കൾ നിശ്ചിത തുക കൈയ്യിൽ നിന്ന് നൽകേണ്ടി വരും. ഇതനുസരിച്ച് ഓരോ മരുന്നിനും 4 ഡോളർ വീതവും, ദന്തചികിത്സ, കാഴ്ച പരിശോധന, കൗൺസിലിങ് തുടങ്ങിയ സേവനങ്ങൾക്ക് മൊത്തം ചിലവിന്റെ 30 ശതമാനവും ഗുണഭോക്താക്കൾ നേരിട്ട് അടയ്ക്കണം. എന്നാൽ ഡോക്ടർമാരുടെ പരിശോധനയും ആശുപത്രി ചികിത്സയും ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ തുടർന്നും സൗജന്യമായിരിക്കും.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി പദ്ധതി ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വ്യക്തമാക്കി. 2023-24 സാമ്പത്തിക വർഷത്തിൽ 59 കോടി ഡോളറായിരുന്ന പദ്ധതി ചിലവ് തൊട്ടടുത്ത വർഷം 90 കോടി ഡോളറായി ഉയർന്നു. നിലവിൽ 6.25 ലക്ഷത്തിലധികം ആളുകൾ ഈ ഇൻഷുറൻസ് പരിരക്ഷ പ്രയോജനപ്പെടുത്തുന്നുണ്ട്. പദ്ധതി സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഈ ചെറിയ നിരക്കുകൾ ഏർപ്പെടുത്തുന്നതെന്നും സർക്കാർ അറിയിച്ചു.
