ബീജിംഗ്: എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനയുമായി സാമ്പത്തിക-നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറുടെ നീക്കങ്ങൾ അത്യന്തം അപകടകരമാണെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീജിംഗിലെ നിർണ്ണായക ചർച്ചകൾക്ക് ശേഷം സ്റ്റാമെർ ഷാങ്ഹായിൽ എത്തിയപ്പോഴായിരുന്നു ട്രംപ് കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്. മെലാനിയ ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടൻ ചൈനയുമായി ബിസിനസ്സ് വർദ്ധിപ്പിക്കുന്നത് സുരക്ഷാപരമായ വലിയ റിസ്ക് ആണെന്നാണ് ട്രംപിൻ്റെ വാദം. ഇതിനിടെ ഏറെക്കാലമായി ട്രംപുമായി ഉലച്ചിലിലായിരുന്ന കാനഡയെ വീണ്ടും വിമർശിക്കാനും യു. എസ് പ്രസിഡൻ്റ് മറന്നില്ല. ബ്രിട്ടനേക്കാൾ അപകടകരമായ അവസ്ഥയിലാണ് കാനഡയെന്നും, ചൈനയെ ഒരു പരിഹാരമായി കാണുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡ പ്രധാനമന്ത്രി ചൈനയുമായി സാമ്പത്തിക കരാറുകളിൽ ഏർപ്പെട്ടാൽ 100% താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ തനിക്ക് വ്യക്തിപരമായി നന്നായി അറിയാമെന്നും അദ്ദേഹം തന്റെ സുഹൃത്താണെന്നും ട്രംപ് വിശേഷിപ്പിച്ചു. എങ്കിലും, സഖ്യകക്ഷികൾ ചൈനയുമായി സ്വതന്ത്രമായി വ്യാപാര കരാറുകളിൽ ഏർപ്പെടുന്നത് അമേരിക്കയുടെ താത്‌പര്യങ്ങൾക്ക് വിരുദ്ധമാണെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. അതേ സമയം വർഷങ്ങളായി നിലനിന്നിരുന്ന അകൽച്ചയ്‌ക്ക് ശേഷം പക്വമായ ഒരു ബന്ധം ചൈനയുമായി കെട്ടിപ്പെടുക്കുകയാണ് സ്റ്റാമെറിൻ്റെ ലക്ഷ്യം. പ്രമുഖ ബ്രിട്ടീഷ് മരുന്ന് കമ്പനിയായ അസ്ട്രാസെനെക്ക ചൈനയിൽ ഏകദേശം 1,500 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. 2030-ഓടെ ഉത്‌പാദന ശാലകളും ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിക്കാനാണ് പദ്ധതി.

ബ്രിട്ടീഷ് പാസ്‌പോർട്ട് കൈവശമുള്ളവർക്ക് ചൈനയിലേക്ക് 30 ദിവസം വരെ വിസയില്ലാതെ യാത്ര ചെയ്യാമെന്ന നിർണ്ണായക പ്രഖ്യാപനവും സന്ദർശനത്തിനിടെയുണ്ടായി. സ്കോച്ച് വിസ്കിയുടെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ചൈന കുറച്ചു. ഇത് ബ്രിട്ടീഷ് കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാകും. കുടിയേറ്റക്കാരെ കടത്തുന്ന മാഫിയകൾക്കെതിരെ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കാനും ധാരണയായിട്ടുണ്ട്. എന്നാൽ ബ്രിട്ടനിലെ പ്രതിപക്ഷ പാർട്ടികൾ സ്റ്റാമെറിൻ്റെ ചൈനാസന്ദർശനത്തെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കും സുരക്ഷാ ഭീഷണികൾക്കും നേരെ സ്റ്റാമെർ കണ്ണടയ്ക്കുകയാണെന്നും, സാമ്പത്തിക നേട്ടങ്ങൾക്കായി ദേശീയ സുരക്ഷ പണയപ്പെടുത്തുന്നു എന്നുമാണ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പിന്റെ ആരോപണം. ഹോങ്കോങ്ങിലെ മനുഷ്യാവകാശ പ്രവർത്തകൻ ജിമ്മി ലായിയുടെ മോചനത്തെക്കുറിച്ച് സ്റ്റാമർ ഷി ജിൻപിംഗുമായി ചർച്ച ചെയ്തെങ്കിലും ചൈനീസ് മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിരുന്നില്ല. അമേരിക്കയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴാതെ ചൈനയുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് കീർ സ്റ്റാമെർക്ക് മുന്നിലുള്ളത്. പ്രത്യേകിച്ച്, ഈ വരുന്ന ഏപ്രിലിൽ ട്രംപ് ചൈന സന്ദർശിക്കാനിരിക്കെ, ബ്രിട്ടന്റെ നീക്കങ്ങളോടുള്ള അദ്ദേഹത്തിന്റെ അതൃപ്തി വരാനിരിക്കുന്ന ട്രാൻസ്-അറ്റ്ലാന്റിക് ചർച്ചകളിൽ പ്രതിഫലിച്ചേക്കാം.
