റിഗ: ലാത്വിയയിൽ ഡ്യൂട്ടിക്കിടെ കനേഡിയൻ സൈനികൻ അന്തരിച്ചു. ഓപ്പറേഷൻ റീഅഷുറൻസിൻ്റെ ഭാഗമായി ലാത്വിയയിൽ വിന്യസിക്കപ്പെട്ടിരുന്ന ഗണ്ണർ സെബാസ്റ്റ്യൻ ഹാൽമേജൻ ആണ് മരിച്ചത്. ഹാമിൽട്ടൺ സ്വദേശിയായ ഹാൽമേജൻ കഴിഞ്ഞ മൂന്ന് വർഷമായി കനേഡിയൻ സായുധ സേനയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ വിദേശ ദൗത്യമായിരുന്നു ഇത്. മരണസമയത്ത് അദ്ദേഹം ഡ്യൂട്ടിയിലായിരുന്നുവെന്ന് കനേഡിയൻ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് പബ്ലിക് അഫയേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.

മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ലാത്വിയൻ മിലിട്ടറി പൊലീസും കനേഡിയൻ ഫോഴ്സ് മിലിട്ടറി പൊലീസും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്. നിലവിലെ സാഹചര്യത്തിൽ മറ്റ് സൈനികരുടെ സുരക്ഷയ്ക്ക് ഭീഷണിയുള്ളതായി സൂചനകളൊന്നുമില്ലെന്ന് കനേഡിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
