ടൊറന്റോ : ഈ വാരാന്ത്യത്തിൽ ടൊറന്റോയിൽ നടക്കുന്ന ഒന്റാരിയോ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയുടെ നയരൂപീകരണ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ച് പാർട്ടി. സമ്മേളനം പാർട്ടി അംഗങ്ങൾക്ക് മാത്രമായിരിക്കുമെന്നും മാധ്യമങ്ങൾക്ക് പ്രവേശനമില്ലെന്നും നേരത്തെ അറിയിച്ചിരുന്നെങ്കിലും, പിന്നീട് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു. ശനിയാഴ്ചത്തെ വിരുന്നിൽ പ്രീമിയർ ഡഗ് ഫോർഡ് നടത്തുന്ന പ്രസംഗം റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ പീറ്റർ ടർക്കിങ്ടൺ വ്യക്തമാക്കി.

തുടർച്ചയായ എട്ടു വർഷത്തെ ഭരണത്തിന് ശേഷം പാർട്ടിയുടെ നയങ്ങളിൽ ചില മാറ്റങ്ങൾ വേണമെന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്. മാധ്യമങ്ങളെ വിലക്കാനുള്ള നീക്കം പാർട്ടിയുടെ ബലഹീനതയാണെന്ന് വിലയിരുത്തി വിമർശകർ രംഗത്തെത്തിയിരുന്നു. ടൊറന്റോ കോൺഗ്രസ് സെന്ററിൽ നടക്കുന്ന ഈ പരിപാടിയിൽ വരാനിരിക്കുന്ന ഭരണനയങ്ങളെക്കുറിച്ചും പാർട്ടിയുടെ ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും ഗൗരവകരമായ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷ.
