വൻകൂവർ : കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾ കാരണം യുഎസിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാണമെന്ന് മുന്നറിയിപ്പ് നൽകി ബി.സി. ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റി. യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിന്‍റെ നടപടികളെ ചൂണ്ടിക്കാട്ടിയാണ് വൻകൂവർ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തുള്ള ഹു-അയ്-അയ് ഫസ്റ്റ് നേഷൻസ് മുന്നറിയിപ്പ് നൽകിയത്.

കമ്മ്യൂണിറ്റിയിലെ ഏകദേശം 900 അംഗങ്ങളിൽ, അമ്പതോളം ആളുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കുന്നുണ്ടെന്ന് ഹു-അയ്-അയ്-അയ് മേധാവി ജോൺ ജാക്ക് പറഞ്ഞു. ഇതുവരെ യു.എസിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും എന്നാൽ, നിലവിലെ അവസ്ഥ ഇത്തരമൊരു യാത്രാ ഉപദേശം നൽകാൻ കാരണമായതായും അദ്ദേഹം പറയുന്നു. യുഎസിൽ പ്രവേശിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും തിരിച്ചറിയൽ രേഖയായി ഇൻഡിജിനസ് സ്റ്റാറ്റസ് കാർഡുകളെ ആശ്രയിക്കരുതെന്ന് ഹു-അയ്-അയ് മേധാവി അഭ്യർത്ഥിച്ചു. യുഎസിലേക്ക് യാത്ര അനിവാര്യമാണെങ്കിൽ, കമ്മ്യൂണിറ്റി അംഗങ്ങൾ അവരുടെ പാസ്‌പോർട്ടുകൾ കൈവശം കരുതണം, ജോൺ ജാക്ക് നിർദ്ദേശിച്ചു. യുഎസ് ഏജൻ്റുമാർ പലരെയും തടഞ്ഞുവയ്ക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, യുഎസിലോ അതിർത്തി കടക്കുമ്പോളോ ഹു-അയ്-അയ് ഫസ്റ്റ് നേഷൻസ് അംഗങ്ങൾക്ക് ഇതുവരെ ഒരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
