ഓട്ടവ: ക്യൂബയിലെ ഊർജ്ജപ്രതിസന്ധിയും അവശ്യസാധനങ്ങളുടെ കുറവും കണക്കിലെടുത്ത് കാനഡ തങ്ങളുടെ യാത്രാ നിർദ്ദേശങ്ങൾ പുതുക്കിയതായി റിപ്പോർട്ട്. വൈദ്യുതി, ഇന്ധനം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ രൂക്ഷമായ ക്ഷാമം നേരിടുന്നതിനാൽ ക്യൂബയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. മുൻകൂട്ടി അറിയിപ്പില്ലാതെയുള്ള വൈദ്യുതി തടസ്സങ്ങൾ 24 മണിക്കൂറിലധികം നീണ്ടുനിന്നേക്കാം. ഇത് വിമാന സർവീസുകളെയും പൊതുഗതാഗതത്തെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ഏത് നിമിഷവും മാറ്റങ്ങൾക്ക് തയ്യാറായിരിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
യാത്രക്കാർ പാസ്പോർട്ടിന്റെ പകർപ്പുകൾ കൈയ്യിൽ കരുതണമെന്നും എടിഎമ്മുകൾ പ്രവർത്തിക്കാത്ത സാഹചര്യം മുൻകൂട്ടി കണ്ട് മതിയായ പണം (പ്രധാനമായും യുഎസ് ഡോളറോ യൂറോയോ) കരുതണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ധനക്ഷാമം മൂലം ടാക്സി, ബസ് സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, അത്യാവശ്യ മരുന്നുകൾ, അധികം വസ്ത്രങ്ങൾ എന്നിവ കരുതുന്നതും ഉചിതമായിരിക്കും. ക്രെഡിറ്റ് കാർഡ് സംവിധാനങ്ങൾ തകരാറിലാകാൻ സാധ്യതയുള്ളതിനാൽ ചെറിയ മൂല്യമുള്ള കറൻസികൾ കൈവശം വെക്കുന്നത് യാത്ര സുഗമമാക്കാൻ സഹായിക്കും.
വിനോദസഞ്ചാര മേഖലകളിൽ പോക്കറ്റടി, ബാഗ് തട്ടിപ്പ് തുടങ്ങിയ ചെറിയ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. തിരക്കുള്ള സ്ഥലങ്ങളിലും ബീച്ചുകളിലും സഞ്ചരിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. കാനഡയിൽ നിന്നുള്ള യാത്രക്കാർ ‘രജിസ്ട്രേഷൻ ഓഫ് കാനഡയിൻസ് എബ്രോഡ്’ സേവനത്തിൽ പേര് വിവരങ്ങൾ മുൻകൂട്ടി നൽകണമെന്നും ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ഹവാനയിലെ കനേഡിയൻ എംബസിയുമായോ ഓട്ടവയിലെ എമർജൻസി റെസ്പോൺസ് സെന്ററുമായോ ബന്ധപ്പെടണമെന്നും സർക്കാർ നിർദ്ദേശിച്ചു.
