ജിദ്ദ: സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ ഒട്ടകങ്ങള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പാസ്പോര്‍ട്ട് പദ്ധതിക്ക് തുടക്കമായി. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് ഈ നൂതന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി എന്‍ജിനീയര്‍ മന്‍സൂര്‍ ബിന്‍ ഹിലാല്‍ അല്‍മുശൈത്തി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി ഒട്ടക വളര്‍ത്തല്‍ മേഖലയെ കൂടുതല്‍ ആധുനികവല്‍ക്കരിക്കാനും ആഗോള വിപണിയില്‍ ഈ മേഖലയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മനുഷ്യരുടെ പാസ്പോര്‍ട്ടിന് സമാനമായ രീതിയില്‍ ഒട്ടകത്തിന്റെ വശങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയാണിത്. വെറുമൊരു ഐഡന്റിറ്റി കാര്‍ഡ് എന്നതിലുപരി, ഒട്ടകത്തിന്റെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ഒരു ‘ഡിജിറ്റല്‍ ജാതകം’ കൂടിയാണിത്. ഓരോ പാസ്പോര്‍ട്ടിലും മൈക്രോചിപ്പ് നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, ഒട്ടകത്തിന്റെ പേര്, ജനനത്തീയതി, ഇനം, ലിംഗം, നിറം, ജനിച്ച സ്ഥലം എന്നിവ കൃത്യമായി രേഖപ്പെടുത്തും. ഇതിനുപുറമെ, വെറ്ററിനറി ഡോക്ടറുടെ ഒപ്പും സീലും അടങ്ങിയ വാക്സിനേഷന്‍ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഒട്ടകങ്ങളുടെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുന്നതിനും സാംക്രമിക രോഗങ്ങള്‍ പടരുന്നത് തടയുന്നതിനും വലിയ രീതിയില്‍ സഹായിക്കും.

ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനും അവയുടെ വില്‍പനയും ഗതാഗതവും നിയമപരമായി നിയന്ത്രിക്കുന്നതിനും ഇനി മുതല്‍ ഈ പാസ്പോര്‍ട്ട് നിര്‍ബന്ധമായിരിക്കും. ഉടമസ്ഥാവകാശ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം, ഒട്ടകങ്ങളുടെ വിപണി മൂല്യം വര്‍ധിപ്പിക്കാനും ലേലങ്ങളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനും ഈ പദ്ധതി സഹായിക്കും. ഒട്ടകങ്ങളുടെ ജനിതക വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ മികച്ച ഇനങ്ങളെ സംരക്ഷിക്കാനും രാജ്യത്തെ മൃഗസമ്പത്തിന്റെ കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കാനും മന്ത്രാലയത്തിന് സാധിക്കും. സൗദിയിലെ ഒട്ടക വളര്‍ത്തല്‍ മേഖലയെ ഒരു പ്രൊഫഷണല്‍ വ്യവസായമായി മാറ്റുന്നതിലെ സുപ്രധാന ചുവടുവെപ്പായിട്ടാണ് ഈ പദ്ധതിയെ അധികൃതര്‍ വിലയിരുത്തുന്നത്.
