Friday, February 13, 2026

ആശ്വാസം! പലിശ നിരക്കില്‍ മാറ്റമില്ല, റിപ്പോ നിരക്ക് 5.25 ശതമാനായി തുടരും

മുംബൈ: രാജ്യത്തെ വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തീരുമാനിച്ചു. ഇതോടെ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ ‘റിപ്പോ നിരക്ക്’ 5.25 ശതമാനമായി തന്നെ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആറംഗ ധനനയ സമിതി (MPC) യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്. 2025-26 സാമ്പത്തിക വര്‍ഷത്തിലെ അവസാന വായ്പാനയ അവലോകന യോഗമായിരുന്നു ഇത്.

പണപ്പെരുപ്പവും സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി വിപണിയിലെ ‘നിഷ്പക്ഷ നിലപാട്’ (Neutral Stance) തുടരാനാണ് സമിതി തീരുമാനിച്ചത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള പുതിയ വ്യാപാര കരാറുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ദൃഢമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ഡിസംബറില്‍ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5.25 ശതമാനത്തില്‍ എത്തിച്ചിരുന്നു.

റിപ്പോ നിരക്കില്‍ വര്‍ദ്ധനവ് വരുത്താത്തത് സാധാരണക്കാരായ വായ്പക്കാര്‍ക്ക് ആശ്വാസമാകും. ഭവന, വാഹന വായ്പകളുടെ ഇഎംഐ (EMI) തുകകളില്‍ ഉടനടി മാറ്റമുണ്ടാകില്ല എന്നതാണ് ഇതിന്റെ ഗുണം. ഈ മാസം അവസാനം പുറത്തുവരുന്ന പരിഷ്‌കരിച്ച ജിഡിപി, പണപ്പെരുപ്പ വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും വരും മാസങ്ങളിലെ ആര്‍ബിഐയുടെ തീരുമാനങ്ങള്‍. വിപണിയില്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനായി ലിക്വിഡിറ്റി മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളില്‍ ആര്‍ബിഐ സജീവമായി ഇടപെടുന്നത് തുടരുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!