ഓട്ടവ : യുഎസ്-കാനഡ വ്യാപാരയുദ്ധം കാനഡയിലെ വാഹന നിർമാണ മേഖലയെ വൻ പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട്. പകുതിയിലധികം കമ്പനികൾ ഇപ്പോൾ പ്രതിരോധ മേഖലയിലേക്ക് ചുവടുമാറ്റുന്നതായും കെപിഎംജി കാനഡ പുറത്തുവിട്ട സർവേ ചൂണ്ടിക്കാട്ടുന്നു. 82% കമ്പനികളും തങ്ങളുടെ വിതരണ ശൃംഖലയിൽ അടിയന്തര മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നികുതി വർധന മറികടക്കാൻ 63% കമ്പനികളും ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചു കഴിഞ്ഞതായും സർവേ കണ്ടെത്തി.

അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലുണ്ടായ വിള്ളൽ കാനഡയിലെ ഓട്ടോമൊബൈൽ രംഗത്തെ അടിമുടി മാറ്റുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലനിൽപ്പിനായി 70% കമ്പനികളും മറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നാൽ, ഒമ്പത് ശതമാനത്തോളം കമ്പനികൾ തങ്ങൾ തകർച്ചയുടെ വക്കിലാണെന്ന ആശങ്ക പങ്കുവെച്ചു. വാഹന നിർമാണത്തിന് പകരം സൈനിക ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാണ് ഭൂരിഭാഗം കമ്പനികളും ഇപ്പോൾ ലക്ഷ്യമിടുന്നത്.
