ഓട്ടവ : ക്യൂബയിലെ വിമാനത്താവളങ്ങളിൽ ഇന്ധനലഭ്യത നിലച്ചതിനെത്തുടർന്ന് സർവീസുകൾ വെട്ടിക്കുറച്ച് കാനഡയിൽ നിന്നുള്ള പ്രമുഖ വിമാനക്കമ്പനികൾ. ഏപ്രിൽ 30 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി എയർ ട്രാൻസാറ്റ് അറിയിച്ചു. ടിക്കറ്റ് ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് വെസ്റ്റ് ജെറ്റ്, സൺവിങ് തുടങ്ങിയ കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ക്യൂബയിലുള്ള ഏഴായിരത്തിലധികം കനേഡിയൻ വിനോദസഞ്ചാരികളെ തിരിച്ചെത്തിക്കാനായി പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക ഉപരോധ ഭീഷണിയെത്തുടർന്ന് മെക്സിക്കോ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ക്യൂബയിലേക്കുള്ള എണ്ണക്കടത്ത് നിർത്തിവെച്ചതാണ് ഈ പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണമായത്.

ഇതോടെ ദ്വീപിലെ ആഭ്യന്തര ഗതാഗതവും ബാങ്ക് പ്രവർത്തനങ്ങളും വൈദ്യുതി വിതരണവും താറുമാറായി. വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ മെക്സിക്കോയിലെയോ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെയോ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് യാത്രയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. സുരക്ഷിതമായി നാട്ടിലെത്താൻ കഴിയുമോ എന്ന ആശങ്കയിൽ നിരവധി കുടുംബങ്ങൾ ക്യൂബയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാർ തങ്ങളുടെ യാത്രാപദ്ധതികളിൽ മാറ്റം വരുത്താൻ തയ്യാറാകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
