അറ്റ്ലാന്റ: ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടും ആഗോളതലത്തിൽ കൊക്കക്കോളയുടെ ഡിമാൻഡിൽ ഇടിവുണ്ടായില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബർ-ഡിസംബർ കാലയളവിൽ കമ്പനിയുടെ ആഗോള വിൽപ്പനയിൽ ഒരു ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അമേരിക്ക, ജപ്പാൻ, ബ്രസീൽ എന്നീ വിപണികളാണ് കമ്പനിക്ക് മികച്ച നേട്ടം സമ്മാനിച്ചത്. നോർത്ത് അമേരിക്കയിൽ ഉൽപ്പന്നങ്ങൾക്ക് 4 ശതമാനവും ആഗോളതലത്തിൽ ഒരു ശതമാനവും വില വർദ്ധിപ്പിച്ചിട്ടും ‘കൊക്കക്കോള സീറോ ഷുഗർ’ പോലുള്ള ബ്രാൻഡുകൾക്ക് 13 ശതമാനം അധിക വിൽപ്പന നേടാനായി. സ്പോർട്സ് ഡ്രിങ്ക്സ്, കോഫി വിഭാഗങ്ങളിലും മികച്ച മുന്നേറ്റം കമ്പനി കാഴ്ചവെച്ചു.
സാധാരണക്കാരായ ഉപഭോക്താക്കളുടെ സാമ്പത്തിക സമ്മർദ്ദം കണക്കിലെടുത്ത് കുറഞ്ഞ വിലയിൽ 7.5 ഔൺസ് മിനി ക്യാനുകൾ വിപണിയിലിറക്കിയതായും കമ്പനി അറിയിച്ചു. ഉയർന്ന വരുമാനമുള്ളവർ കമ്പനിയുടെ പ്രീമിയം ബ്രാൻഡുകളായ ‘സ്മാർട്ട് വാട്ടർ’, ‘ഫെയർ ലൈഫ്’ എന്നിവയെ പിന്തുണയ്ക്കുമ്പോൾ, സാധാരണക്കാർക്കിടയിൽ ചിലവ് കുറയ്ക്കാനുള്ള പ്രവണതയുണ്ടെന്നും കൊക്കക്കോള നിരീക്ഷിക്കുന്നു. ഈ കാലയളവിൽ കമ്പനിയുടെ ആകെ വരുമാനം 1180 കോടി ഡോളറിലെത്തി. ഇത് മുൻവർഷത്തേക്കാൾ 2% കൂടുതലാണെങ്കിലും വിപണി വിദഗ്ധർ പ്രതീക്ഷിച്ച കണക്കുകളിലേക്ക് എത്താൻ കമ്പനിക്കായില്ല.

ലാഭം 230 കോടി ഡോളറായി വർദ്ധിച്ചിട്ടുണ്ടെങ്കിലും വരും വർഷങ്ങളിലെ വരുമാന വളർച്ച സംബന്ധിച്ച ആശങ്കകൾ കമ്പനിയുടെ ഓഹരി വിലയെ ബാധിച്ചു. വാൾസ്ട്രീറ്റിൽ കൊക്കക്കോളയുടെ ഓഹരികൾ ഏകദേശം 4 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഇതിനിടെ കമ്പനിയുടെ നേതൃസ്ഥാനത്തും മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 30 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഹെൻറിക് ബ്രൗൺ മാർച്ച് 31-ന് കമ്പനിയുടെ പുതിയ സിഇഒ ആയി ചുമതലയേൽക്കും. നിലവിലെ സിഇഒ ജെയിംസ് ക്വിൻസി എക്സിക്യൂട്ടീവ് ചെയർമാനായി തുടരും.
