ന്യൂഡൽഹി: പ്രസിദ്ധീകരിക്കാനിരിക്കുന്ന ആത്മകഥയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സമൂഹമാധ്യമത്തിൽ ആദ്യമായി പ്രതികരിച്ച് കരസേനാ മുൻ മേധാവി ജനറൽ എം.എം. നരവനെ. പ്രസാധകരായ പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ പ്രസ്താവന പങ്കുവച്ചായിരുന്നു പ്രതികരണം. പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണെന്നായിരുന്നു നരവനെയുടെ എക്സിലെ പോസ്റ്റ്. നരവനെയുടെ ആത്മകഥയായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’യുടെ പ്രസിദ്ധീകരണാവകാശം തങ്ങളുടെ കയ്യിലാണെന്നും പുസ്തകം ഇതുവരെ പ്രസിദ്ധീകരി ച്ചിട്ടില്ലെന്നും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. പുസ്തകത്തിന്റെ അനധികൃത പകർപ്പുകൾ പ്രചരിക്കുന്നു എന്ന റിപ്പോർട്ടു കൾക്കിടെയായിരുന്നു പെൻഗ്വിൻ വിശദീകരണം. പ്രസിദ്ധീകരണത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത ബുക്കിലെ വിവരങ്ങൾ വിതരണം ചെയ്യുന്നതിനെതിരെ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2019–22 ൽ കരസേനാ മേധാവിയായിരുന്ന ജനറൽ നരവനെ. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ ചൈനീസ് അതിർത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗം പരാമർശിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയെ കഴിഞ്ഞയാഴ്ച പ്രക്ഷുബ്ധമാക്കിയിരുന്നു. കിഴക്കൻ ലഡാക്കിലെ റെചിൻ ലാ മേഖലയിൽ 2020 ഓഗസ്റ്റിൽ ചൈനീസ് സൈന്യം നടത്തിയ നീക്കത്തിന്റെ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർ ഉൾപ്പെടെ യുള്ളവരെ അറിയിച്ചിട്ടും ഇന്ത്യയുടെ നീക്കത്തിന് അനുമതി ലഭിക്കാൻ വൈകിയെന്നും ഒടുവിൽ സൈന്യം തീരുമാനിച്ചുകൊള്ളൂ എന്ന മറുപടിയാണു ലഭിച്ചതെന്നുമാണ് പുസ്തകത്തിൽ പറയുന്നത്.

പെൻഗ്വിൻ ബുക്സിന്റെ വിശദീകരണം
ഇന്ത്യയുടെ മുൻ കരസേനാ മേധാവി ജനറൽ നരവനെയുടെ ആത്മകഥയായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’യുടെ പ്രസിദ്ധീകരണാവകാശം ഞങ്ങൾക്കാണ്. പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഭാഗികമായോ പൂർണരൂപത്തിലോ പ്രചരിക്കുന്ന, അച്ചടി രൂപത്തിലോ ഡിജിറ്റൽ രൂപത്തിലോ ഉള്ള പുസ്തകത്തിന്റെ പകർപ്പുകൾ പ്രസാധകർ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്തിട്ടില്ല. നിലവിൽ പ്രചരിക്കുന്ന പകർപ്പുകൾ പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണ്. അവ ഉടനടി പിൻവലിക്കണം.
