തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തെയും യുഡിഎഫിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. ശബരിമലയിലെ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ ഈ സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള പങ്ക് വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചതിലെ ദുരൂഹത നീക്കണമെന്നും, കൊടിമരം മാറ്റുന്നതിനായി ഭക്തരില്‍ നിന്ന് പിരിച്ചെടുത്ത വന്‍തുക എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ഇത്തരം കൊള്ളകള്‍ക്ക് നേതൃത്വം നല്‍കിയവരെ പൂര്‍ണ്ണമായും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ വിമര്‍ശനങ്ങളോടൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും എം.വി. ഗോവിന്ദന്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ബിജെപി-ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് കൂട്ടുകെട്ടിന്റെ കോര്‍ഡിനേറ്ററായാണ് സതീശന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസിനെപ്പോലെ തന്നെ ജമാഅത്തെ ഇസ്ലാമിയും കൊടും വിഷമാണെന്നും, ആഗോളതലത്തില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അത്തരമൊരു സംഘടനയുമായുള്ള കൂട്ടുകെട്ടില്‍ മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം ജില്ല വിഭജനം, പെരുന്നാള്‍ അവധി തുടങ്ങിയ സമസ്തയുടെ പ്രമേയങ്ങളിലുള്ള മറുപടി സര്‍ക്കാര്‍ നല്‍കുമെന്നും, രാഷ്ട്രീയ ജാഥകളില്‍ എല്ലാ കാര്യങ്ങളും വിശദീകരിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
