ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്‌തെന്ന ആരോപണത്തില്‍ അദാനി എന്റര്‍പ്രൈസസിനോട് അമേരിക്കന്‍ ഏജന്‍സി വിശദീകരണം തേടി. ഉപരോധം മറികടന്ന് ഇറാനില്‍ നിന്ന് എല്‍പിജി ഇന്ത്യയിലേക്ക് എത്തിച്ചുവെന്ന പരാതിയിലാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ‘ഓഫിസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍’ (OFAC) ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
അദാനിയുമായി ബന്ധമുള്ള ചില കമ്പനികള്‍ പ്രത്യേക കപ്പല്‍ പാതകളിലൂടെ ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് ദ്രവീകൃത പെട്രോളിയം വാതകം (LPG) എത്തിച്ചുവെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ ആരോപണം അദാനി ഗ്രൂപ്പ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ഇപ്പോള്‍ യുഎസ് ഏജന്‍സി ഔദ്യോഗികമായി വിവരം തേടിയ സാഹചര്യത്തില്‍, ആവശ്യമായ രേഖകളും വിശദീകരണങ്ങളും നല്‍കുമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 4-നാണ് ഇത് സംബന്ധിച്ച കത്ത് കമ്പനിക്ക് ലഭിച്ചത്. 2023 ജൂണ്‍ മുതല്‍ അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ വഴി നടന്ന ചില ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഉപരോധം നിലനില്‍ക്കുന്ന രാജ്യങ്ങളുമായോ വ്യക്തികളുമായോ അദാനി ഗ്രൂപ്പിന് നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടോ എന്നാണ് ഏജന്‍സി പരിശോധിക്കുന്നത്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ 2025 ജൂണ്‍ മുതല്‍ ഇറാനില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി കമ്പനി നിര്‍ത്തിവച്ചിരുന്നു.
അതേസമയം, നിലവിലെ അന്വേഷണം കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. എല്‍പിജി ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം കമ്പനിയുടെ ആകെ വരുമാനത്തിന്റെ 1.46 ശതമാനം മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് ഏജന്‍സിയുടെ ഈ നീക്കം വരും ദിവസങ്ങളില്‍ അദാനി ഗ്രൂപ്പ് ഓഹരികളെ എങ്ങനെ ബാധിക്കുമെന്ന് വിപണി ഉറ്റുനോക്കുകയാണ്.
