ടെക്‌സസ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും തോക്ക് കൈവശം വെക്കുന്നതിനെയും ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ടെക്‌സസില്‍ 23 വയസുള്ള യുവതിയെ പിതാവ് വെടിവച്ചു കൊന്നു. 2025 ജനുവരി പത്തിനാണ് ലൂസി ഹാരിസണ്‍ എന്ന യുവതി തന്റെ കാമുകന്‍ സാമിനൊപ്പം പിതാവിനെ കാണാന്‍ ടെക്സസിലേക്ക് പോയത്. ലൂസിയും പിതാവ് ക്രിസും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സാം കോടതിയില്‍ പറഞ്ഞു.
പിതാവ് തോക്ക് കൈവശം വെക്കുന്നതില്‍ ലൂസി പലപ്പോഴും അസ്വസ്ഥയായിരുന്നുവെന്നും സാം പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തര്‍ക്കത്തിനിടെ, ട്രംപ് ഉള്‍പ്പെട്ടിട്ടുള്ള വിവാദമായ എപ്സ്റ്റീന്‍ ഫയല്‍സിനെ കുറിച്ചും പരാമര്‍ശമുണ്ടായി. ആ സാഹചര്യത്തിലുള്ള പെണ്‍കുട്ടി താനായിരുന്നെങ്കില്‍, താന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടിരുന്നെങ്കില്‍ എന്തു തോന്നുമായിരുന്നുവെന്ന് യുവതി പിതാവിനോട് ചോദിച്ചു. തന്റെ കൂടെ താമസിക്കുന്ന മറ്റ് രണ്ട് പെണ്‍മക്കള്‍ക്ക് ഇത്രയധികം അസ്വസ്ഥയില്ലല്ലോ എന്ന പിതാവിന്റെ മറുപടി ലൂസിയെ വല്ലാതെ വേദനിപ്പിച്ചുവെന്നും സാം പറഞ്ഞു.

പിന്നീട് ലൂസി അടുക്കളയിലായിരിക്കുമ്പോള്‍ പിതാവ് അവളെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതായും ഏകദേശം 15 സെക്കന്‍ഡുകള്‍ക്ക് ശേഷം, ഒരു വലിയ വെടിയൊച്ച കേട്ടതായും സാം പറഞ്ഞു. റൂമിലേക്ക് ഓടിച്ചെന്ന താന്‍ വെടികൊണ്ട് മരിച്ചുകിടക്കുന്ന ലൂസിയെയാണ് കണ്ടതെന്ന് കോടതിയില്‍ മൊഴി നല്‍കി. കുടുംബത്തിന്റെ സുരക്ഷക്ക് വേണ്ടിയാണ് താന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തോക്ക് വാങ്ങിയതെന്ന് ക്രിസ് കോടതിയെ അറിയിച്ചു.
ഇതിന് മുമ്പ് തന്റെ മകളുമായി തോക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദേഹം അവകാശപ്പെട്ടു. ക്രിസ് മുമ്പ് മദ്യാസക്തിയുടെ പിടിയിലായിരുന്നെന്നും ഡി അഡിക്ഷനായി പുനരധിവാസ കേന്ദ്രത്തില്‍ പോയിരുന്നതായും കോടതി കണ്ടെത്തി. മാത്രമല്ല വെടിവെപ്പ് നടന്ന ദിവസം മദ്യം കഴിച്ചിരുന്നതായും അദ്ദേഹം സമ്മതിച്ചു.
