തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ മാറി. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ നാലുപേർക്കാണ് അവയവദാനത്തിലൂടെ പുതുജീവനേകിയത്. കുഞ്ഞിന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ആറുമാസം പ്രായമുള്ള കുട്ടിയിലും, ഇരു വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പത്തുവയസുകാരനിലും വെച്ചുപിടിപ്പിച്ചു. കൂടാതെ ഹൃദയവാൽവ് ശ്രീചിത്ര ആശുപത്രിയ്ക്കും നേത്രപടലങ്ങൾ കൊച്ചി അമൃത ആശുപത്രിയ്ക്കും കൈമാറി. ആലിന്റെ സംസ്കാരം നാളെ മല്ലപ്പള്ളിയിൽ നടക്കും.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള അതീവ സങ്കീർണ്ണമായ യാത്ര വെറും മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് പൂർത്തിയായത്. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ട് 7.13-ന് പുറപ്പെട്ട ആംബുലൻസ് എം.സി റോഡ് വഴി 213 കിലോമീറ്റർ സഞ്ചരിച്ച് രാത്രി 10.40 ഓടെ തിരുവനന്തപുരത്ത് എത്തി. സാധാരണ ഗതിയിൽ അഞ്ചര മണിക്കൂറോളം എടുക്കുന്ന ദൂരം പൊലീസിന്റെയും ജനങ്ങളുടെയും കൃത്യമായ സഹകരണം മൂലം കുറഞ്ഞ സമയത്തിനുള്ളിൽ പിന്നിടാൻ സാധിച്ചു. ആംബുലൻസ് ഡ്രൈവർ മാള സ്വദേശി ജയ്നീഷിന്റെ നേതൃത്വത്തിലായിരുന്നു ഈ ദൗത്യം വിജയിപ്പിച്ചത്.

ആദ്യം കിംസ് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും അവസാനമായി ശ്രീചിത്രയിലും അവയവങ്ങൾ എത്തിച്ചു. അവസാന ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ 3 മണിക്കൂർ 27 മിനിറ്റാണ് യാത്രയ്ക്കായി എടുത്തത്. മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചതോടെ ജനങ്ങൾ സ്വമേധയാ വഴിമാറിക്കൊടുത്തത് ദൗത്യം വേഗത്തിലാക്കാൻ സഹായിച്ചുവെന്ന് ജയ്നീഷ് പറഞ്ഞു. സംസ്ഥാനത്ത് കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കിംസിലെ ആറുമാസം പ്രായമുള്ള കുഞ്ഞ് മാറുകയും ചെയ്തു.
