മൺട്രിയോൾ : കെബെക്ക് ലിബറൽ പാർട്ടിയുടെ നേതൃ മത്സരത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. നിലവിൽ പാർട്ടി കോക്കസിന്റെ ഭൂരിപക്ഷ പിന്തുണയുള്ള ചാൾസ് മില്യാർഡ് ആണ് മത്സരരംഗത്തെ പ്രധാനി. കെബെക്ക് ഫെഡറേഷൻ ഓഫ് ചേംബേഴ്സ് ഓഫ് കൊമേഴ്സിന്റെ മുൻ മേധാവിയായ അദ്ദേഹം, ഫ്രഞ്ച് സംസാരിക്കുന്ന ഭൂരിപക്ഷ വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം വീണ്ടെടുക്കുമെന്ന വാഗ്ദാനവുമായാണ് രംഗത്തുള്ളത്. 2025-ൽ നടന്ന മത്സരത്തിൽ വിജയിച്ച പാബ്ലോ റോഡ്രിഗസ് അഴിമതി ആരോപണങ്ങളെത്തുടർന്ന് രാജി വെച്ചതോടെയാണ് പാർട്ടിയിൽ വീണ്ടും ലീഡർ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അന്ന് മില്യാർഡ് രണ്ടാമതെത്തിയിരുന്നു.

ബോസ് മേഖലയിൽ നിന്നുള്ള കർഷകനായ മാരിയോ റോയ് ആണ് താൽപ്പര്യം പ്രകടിപ്പിച്ച മറ്റൊരു വ്യക്തി. എന്നാൽ കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കടബാധ്യതകൾ നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ പാർട്ടി മത്സരത്തിൽ നിന്ന് ഒഴിവാക്കിയേക്കും. അടുത്ത ഒക്ടോബറിൽ നടക്കാനിരിക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്ക് കരുത്തുറ്റ നേതൃത്വത്തെ കണ്ടെത്തുക എന്നത് നിർണ്ണായകമാണ്. നിലവിലെ ഭരണകക്ഷിയായ ‘സിഎക്യു’ വിനും പുതിയ നേതാവിനെ കണ്ടെത്തേണ്ടി വരുന്ന സാഹചര്യത്തിൽ കെബെക്ക് രാഷ്ട്രീയം വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.
