ഓട്ടവ : വ്യാപാര യുദ്ധവും രാഷ്ട്രീയ അനിശ്ചിതത്വവും കാരണം യുഎസ് സ്കീ റിസോർട്ടുകൾ സന്ദർശിക്കുന്ന ഒന്റാരിയോ നിവാസികളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തുന്നതായി ട്രാവൽ ഇൻഡസ്ട്രി കൗൺസിൽ ഓഫ് ഒന്റാരിയോ (ടിഐസിഒ) റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അതിർത്തി കടക്കുന്ന കനേഡിയൻ വാഹനങ്ങളുടെ എണ്ണത്തിൽ 30.9 ശതമാനത്തിന്റെ കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ന്യൂയോർക്കിലെ പ്രശസ്തമായ ഹോളിഡേ വാലി, വൈറ്റ്ഫേസ് മൗണ്ടൻ തുടങ്ങിയ റിസോർട്ടുകളെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. സ്കൂൾ ക്ലബ്ബുകൾ സ്കീയിങ് യാത്രകൾ റദ്ദാക്കിയതും കാനഡയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ വിള്ളലുകളും ടൂറിസം മേഖലയ്ക്ക് ഏകദേശം 1.4 കോടി ഡോളറിന്റെ വരുമാന നഷ്ടം വരുത്തിവെച്ചതായാണ് കണക്കാക്കപ്പെടുന്നത്.

കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന അമേരിക്കൻ വിനോദസഞ്ചാര മേഖലയ്ക്ക് കനേഡിയൻ സഞ്ചാരികളുടെ ഈ വിട്ടുനിൽക്കൽ കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ, അതിർത്തി കടന്നുള്ള യാത്രകൾ ആസൂത്രണം ചെയ്യുന്നവർ കൃത്യമായ യാത്രാ രേഖകൾ ഉറപ്പുവരുത്തണമെന്ന് ടിഐസിഒ സിഇഒ റിച്ചാർഡ് സ്മാർട്ട് നിർദ്ദേശിച്ചു. തടസ്സങ്ങളില്ലാത്ത യാത്രയ്ക്കായി അംഗീകൃത ട്രാവൽ ഏജൻസികളുടെ സേവനം തേടുന്നതും സ്കീയിങ് പോലുള്ള സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ മെഡിക്കൽ ഇൻഷുറൻസും ട്രിപ്പ് ക്യാൻസലേഷൻ ഇൻഷുറൻസും എടുക്കുന്നതും ഉചിതമായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ പല കനേഡിയൻ കുടുംബങ്ങളും യുഎസിന് പകരമായി മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
