മിലാൻ : പരുക്കുമാറി ക്യാപ്റ്റൻ മേരി-ഫിലിപ്പ് പൗളിൻ തിരിച്ചെത്തിയ മത്സരത്തിൽ വൻ വിജയം കൊയ്ത് കാനഡ. ശനിയാഴ്ച നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജർമ്മനിയെ 5-1 ന് പരാജയപ്പെടുത്തി വിന്‍റർ ഒളിംപിക്സ് 2026-ൽ കാനഡ വനിതാ ഹോക്കി സെമിഫൈനലിലേക്ക് മുന്നേറി. പൗളിൻ, ബ്രയാൻ ജെന്നർ, ക്ലെയർ തോംസൺ, സാറാ ഫില്ലിയർ, ബ്ലെയർ ടേൺബുൾ എന്നിവരുടെ ഗോൾ നേട്ടത്തിലാണ് കാനഡ അവസാനനാലിൽ എത്തിയത്.

വലതു കാൽമുട്ടിനേറ്റ പരിക്കുമൂലം രണ്ട് മത്സരങ്ങൾ നഷ്ടമായ പൗളിൻ കാനഡയുടെ നിരയിൽ വീണ്ടും എത്തിയ മത്സരത്തിൽ ഫ്രാൻസിസ്ക ഫെൽഡ്‌മിയർ ജർമ്മനിക്കായി ഗോൾ കണ്ടെത്തി. അമേരിക്കയും സ്വീഡനും സെമിഫൈനലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫിൻലാൻഡ്-സ്വിറ്റ്‌സർലൻഡ് മത്സരവിജയികളും സെമിഫൈനലിലേക്ക് ചുവടുവെക്കും.
