സെന്റ് ജോൺസ്: കാനഡയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെമ്മോറിയൽ യൂണിവേഴ്‌സിറ്റിയിൽ പന്ത്രണ്ടിലധികം അക്കാദമിക് പ്രോഗ്രാമുകൾ നിർത്തലാക്കുകയും, ചില കോഴ്സുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. കുറഞ്ഞ എൻറോൾമെന്റും സാമ്പത്തിക പ്രതിസന്ധിയുമാണ് സർവകലാശാലയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ബിസിനസ്, നഴ്സിംഗ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് തുടങ്ങിയ ഫാക്കൽറ്റികളെയും മറൈൻ ഇൻസ്റ്റിറ്റ്യൂട്ട്, ഗ്രെൻഫെൽ ക്യാമ്പസ് എന്നിവടങ്ങളിലെ വിവിധ പ്രോഗ്രാമുകളെയും ഈ തീരുമാനം നേരിട്ട് ബാധിക്കും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ചില കോഴ്‌സുകളിൽ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് പ്രോഗ്രാമുകൾ വെട്ടിക്കുറയ്ക്കാൻ പ്രധാന കാരണമായി സർവകലാശാല ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് തസ്തികകൾ കുറയ്ക്കാനും വസ്തുവകകൾ വിൽക്കാനും സർവകലാശാല നേരത്തെ തീരുമാനിച്ചിരുന്നു.

ബജറ്റ് നിയന്ത്രണങ്ങൾ കാരണമാണ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിലെ ആറ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ റദ്ദാക്കിയത്. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ സ്റ്റഡീസ്, ഏൻഷ്യന്റ് ലാംഗ്വേജസ് തുടങ്ങിയ കോഴ്‌സുകൾ ഇതിൽ ഉൾപ്പെടുന്നു. 2021 മുതൽ ഈ പ്രോഗ്രാമുകളിൽ നിന്ന് നാലിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് ബിരുദം നേടിയതെന്ന് ഫാക്കൽറ്റി ഡീൻ നടാഷ ഹർലി വ്യക്തമാക്കി.
കോഴ്‌സുകൾ നിർത്തലാക്കുന്നത് വരും വർഷങ്ങളിൽ പഠന നിലവാരത്തെ ബാധിക്കുമെന്ന് വിദ്യാർത്ഥി യൂണിയനുകൾ ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേകിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ സ്റ്റഡീസ് പോലെയുള്ള തദ്ദേശീയമായ കോഴ്‌സുകൾ ഒഴിവാക്കുന്നത് സർവകലാശാലയുടെ സാംസ്‌കാരിക പ്രാധാന്യം കുറയ്ക്കുമെന്ന് അണ്ടർഗ്രാജുവേറ്റ് സ്റ്റുഡന്റ്‌സ് യൂണിയനിലെ നഥാൻ ഗില്ലിംഗ്ഹാം പറഞ്ഞു. അതേസമയം, സാമ്പത്തിക പ്രതിസന്ധി മൂലം ഇനിയും കൂടുതൽ പ്രോഗ്രാമുകൾ ഇല്ലാതാകാൻ സാധ്യതയുണ്ടെന്ന് സർവകലാശാലയിലെ അധ്യാപക സംഘടനയും (MUN Faculty Association) മുന്നറിയിപ്പ് നൽകുന്നു. എന്നാൽ നിലവിലുള്ള വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ തടസ്സമുണ്ടാകില്ലെന്നും വിഷയങ്ങളിൽ ഗവേഷണം തുടരുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
