മൺട്രിയോൾ : കെബെക്ക് ചികൗട്ടിമിയിലെ പ്രവിശ്യാ ഉപതിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടിങ് ആരംഭിച്ചു. കഴിഞ്ഞ ഏഴ് വർഷമായി നാഷണൽ അസംബ്ലിയിൽ ചികൗട്ടിമി റൈഡിങ്ങിനെ പ്രതിനിധീകരിച്ചിരുന്ന മുൻ മുനിസിപ്പൽ കാര്യ മന്ത്രി ആൻഡ്രി ലാഫോറസ്റ്റ് രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നവംബറിൽ നടന്ന സാഗുനെ മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായാണ് ആൻഡ്രി ലാഫോറസ്റ്റ് രാജി വെച്ചത്. എന്നാൽ, ലൂക്ക് ബോയ്‌വിനോട് 232 വോട്ടുകൾക്ക് അവർ പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി 23-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ചികൗട്ടിമിയിലെ സീറ്റിനായി ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

ഇന്നലെ ആരംഭിച്ച മുൻകൂർ വോട്ടിങ് ഇന്നും തുടരും. രാവിലെ ഒമ്പതര മുതൽ രാത്രി എട്ടു വരെ വോട്ടർമാർക്ക് തങ്ങളുടെ പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്താമെന്ന് ഇലക്ഷൻസ് കെബെക്ക് അറിയിച്ചു. വോട്ടർമാർ ആരോഗ്യ ഇൻഷുറൻസ് കാർഡ്, ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ കനേഡിയൻ പാസ്‌പോർട്ട് പോലുള്ള തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം.

2022 ലെ തിരഞ്ഞെടുപ്പിൽ, ആൻഡ്രി ലാഫോറസ്റ്റ് പിക്യു സ്ഥാനാർത്ഥി ആലീസ് വില്ലെന്യൂവിനെക്കാൾ 14,930 വോട്ടുകളുടെ ഭൂരിപക്ഷം നേടി അനായാസ വിജയം നേടിയിരുന്നു. 2018 ൽ സിഎക്യു അധികാരത്തിൽ വന്നപ്പോൾ അവർ ദേശീയ അസംബ്ലിയിൽ അംഗമായി. 2018 ൽ സിഎക്യുവിന്‍റെ കൈകളിലേക്ക് മാറുന്നതിന് മുമ്പ്, ചികൗട്ടിമി റൈഡിങ് വളരെക്കാലമായി പിക്യു ശക്തികേന്ദ്രമായിരുന്നു.
