കാലിഫോർണിയ : വടക്കൻ കാലിഫോർണിയയിലെ കാസിൽ പീക്ക് മേഖലയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ അകപ്പെട്ട ആറ് സ്കീയിങ് താരങ്ങളെ ജീവനോടെ കണ്ടെത്തി. എന്നാൽ ഗ്രൂപ്പിലുണ്ടായിരുന്ന മറ്റ് 10 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കാണാതായ 10 പേർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ലേക്ക് താഹോയ്ക്ക് (Lake Tahoe) വടക്കുപടിഞ്ഞാറുള്ള കാസിൽ പീക്ക് മേഖലയിലാണ് ഹിമപാതമുണ്ടായത്. നാല് ഗൈഡുകളും 12 സ്കീയിങ് താരങ്ങളും അടങ്ങുന്ന 16 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.

ആറ് പേരെ കണ്ടെത്തിയെങ്കിലും അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അമ്പതോളം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാൽ അതിജീവിച്ചവരോട് താൽക്കാലിക ഷെൽട്ടറുകളിൽ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കാലിഫോർണിയയിൽ വീശിയടിച്ച ശക്തമായ ശീതകാല കൊടുങ്കാറ്റും (Winter Storm) കനത്ത മഞ്ഞുവീഴ്ചയുമാണ് ഹിമപാതത്തിന് കാരണമായത്. ഈ മേഖലയിൽ ഏകദേശം 30 ഇഞ്ചോളം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. സിയറ നെവാഡ മേഖലയിൽ ഹിമപാത സാധ്യത ഇപ്പോഴും വളരെ കൂടുതലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കനത്ത മഞ്ഞുവീഴ്ചയും കാറ്റും കാരണം ഐ-80 (I-80) ഉൾപ്പെടെയുള്ള പ്രധാന പാതകൾ താൽക്കാലികമായി അടച്ചു.
