ടൊറന്റോ: കമ്പ്യൂട്ടറുകളുടെയും സ്മാർട്ട് ഫോണുകളുടെയും അമിതഉപയോഗം മൂലം ടൊറന്റോയിലെ ജനങ്ങൾക്കിടയിൽ ‘ഡ്രൈ ഐ’ (കണ്ണിലെ വരൾച്ച) ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻവർധനയെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മുൻകാലങ്ങളിൽ പ്രായമായവരിലും സ്ത്രീകളിലും മാത്രം കണ്ടുവന്നിരുന്ന ഈ അവസ്ഥ, ഇപ്പോൾ എട്ടു വയസ്സുള്ള കുട്ടികളിൽ പോലും കണ്ടുതുടങ്ങിയെന്നാണ് ലിബർട്ടി വില്ലേജിലെ പ്രമുഖ ഒപ്റ്റോമെട്രിസ്റ്റ് ഡോ. റിതേഷ് പട്ടേൽ വ്യക്തമാക്കുന്നു. നേരത്തെ ജനസംഖ്യയുടെ 30 മുതൽ 40 ശതമാനം വരെ ആളുകളെ ബാധിച്ചിരുന്ന ഈ പ്രശ്നം ഇപ്പോൾ 50 മുതൽ 60 ശതമാനം പേരിലേക്ക് വ്യാപിച്ചു. ഫോണുകളിലേക്കും കമ്പ്യൂട്ടറുകളിലേക്കും നോക്കിയിരിക്കുമ്പോൾ സ്വാഭാവികമായ കണ്ണുചിമ്മൽ പകുതിയിലധികം കുറയുകയാണ്. കണ്ണുകളെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്ന ദ്രാവകം പുറപ്പെടുവിക്കുന്നത് ഈ ചിമ്മലിലൂടെയാണ്. ഇതില്ലാത്തത് കണ്ണുകൾ വരണ്ടുപോകാൻ കാരണമാകുന്നു. ടൊറന്റോയിലെ കഠിനമായ തണുപ്പും വീടിനുള്ളിലെ ഹീറ്ററുകളുടെ ഉപയോഗവും വായുവിലെ ഈർപ്പം കുറയ്ക്കുകയും രോഗാവസ്ഥ ഗുരുതരമാക്കുകയും ചെയ്യുന്നു.

കണ്ണിൽ മണൽ തരികൾ ഇരിക്കുന്നതുപോലെയുള്ള അസ്വസ്ഥത, കടുത്ത വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഓരോ 20 മിനിറ്റിലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കുക, 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് നോക്കുക. കുറഞ്ഞത് 20 സെക്കൻഡ് നേരം കണ്ണുകൾക്ക് വിശ്രമം നൽകുക എന്നിവയൊക്കെ ചെയ്യാം. മുഖം കഴുകുമ്പോൾ കൺപോളകൾ മെല്ലെ തടവുന്നതും പ്രിസർവേറ്റീവ്സ് ഇല്ലാത്ത ഐ ഡ്രോപ്സ് ഉപയോഗിക്കുന്നതും ഗുണകരമാണ്. പ്രശ്നം വിട്ടുമാറാത്തവർ ഉടൻ തന്നെ ഒരു ഒപ്റ്റോമെട്രിസ്റ്റിനെ കാണണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
