തിരുവനന്തപുരം: തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കങ്ങളുമായി ബിജെപി. സംസ്ഥാനത്തെ 35 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സാധ്യത പട്ടിക ബിജെപി തിരഞ്ഞെടുപ്പ് സമിതി തയ്യാറാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ ജനവിധി തേടും. മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കാണ് വട്ടിയൂർക്കാവിൽ പ്രഥമ പരിഗണന നൽകുന്നത്. മുതിർന്ന നേതാവ് വി. മുരളീധരനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാനാണ് ധാരണ. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കും. ചൊവ്വാഴ്ച ചേർന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ഈ പട്ടികയ്ക്ക് രൂപം നൽകിയത്. വിജയസാധ്യതയുള്ള ഓരോ മണ്ഡലത്തിലും മൂന്ന് പേരുകൾ വീതമുള്ള പാനലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക ഉടൻ തന്നെ കേന്ദ്ര നേതൃത്വത്തിന് കൈമാറും. അതേസമയം, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. പകരം സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകും. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചാലുടൻ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. കഴിവുള്ളവർക്കും വിജയസാധ്യത മത്സരിക്കാൻ അവസരം എന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടു. നേമത്ത് ബിജെപിക്ക് രണ്ട് മണ്ഡലം കമ്മിറ്റികളാണുള്ളത്. ഈ രണ്ടിടത്തെയും ഭാഗവാഹികളുടെ യോഗം ഇന്നലെത്തന്നെ പാർട്ടിയുടെ സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ ചേർന്നിരുന്നു. ഇത്തരത്തിൽ നേമത്ത് മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി രാജീവ് ചന്ദ്രശേഖർ മുന്നോട്ടുപോവുകയാണ്.

വട്ടിയൂർക്കാവിലാണ് കെ. സുരേന്ദ്രന്റെ പേര് ഉയർന്നുവന്നതെങ്കിലും അദ്ദേഹത്തോട് മഞ്ചേശ്വരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചിരിക്കുന്നത്. ശോഭ സുരേന്ദ്രന് പാലക്കാട്, കായംകുളം, ഹരിപ്പാട് എന്നീ മണ്ഡലങ്ങളിൽ സാധ്യത. എം.ടി. സുരേഷിന് തൃശൂർ അല്ലെങ്കിൽ കോഴിക്കോട് സീറ്റ് നൽകാനാണ് ധാരണ. സി. കൃഷ്ണകുമാർ മലമ്പുഴയിൽതന്നെ മത്സരിക്കും. എ-ക്ലാസ് മണ്ഡങ്ങളിൽ വട്ടിയൂർക്കാവിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നത്. ഇവിടെ നേതൃത്വം പ്രഥമ പരിഗണന നൽകുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽനിന്ന് വിജയിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖയ്ക്കാണ്. നിലവിൽ നഗരസഭാ കൗൺസിലറായ ശ്രീലേഖ അടുത്ത അഞ്ചുവർഷത്തേക്ക് ഇനിയൊരു മത്സരത്തിനില്ല എന്ന നിലപാടാണ് നേരത്തെ മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാൽ അവർ തീരുമാനം മാറ്റിയേക്കാം എന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ കരമന ജയന്റെ പേരാണ് പരിഗണനയിൽ. എന്നാൽ അതിനൊപ്പം തന്നെ കഴിഞ്ഞ തവണ ഈ മണ്ഡലത്തിൽ മത്സരിച്ച നടൻ കൃഷ്ണകുമാറിന്റെ പേരും പരിഗണനയിലുണ്ട്. നിലവിൽ മത്സരിപ്പിക്കേണ്ടവരുടെ സാധ്യത പട്ടികയിൽ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഇല്ല എന്നതും ശ്രദ്ധേയമാണ്.
