തിരുവനന്തപുരം: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച പി.കെ. ശശി എൽഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായി മത്സരിക്കും. ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് എടുക്കണമെന്ന ആവശ്യം പാർട്ടി തള്ളിയതിനെ തുടർന്നാണ് പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചതെന്നാണ് വിവരം. ഇതിന് പുറമെ തന്നോടൊപ്പം നടപടി നേരിട്ടവരെ തിരിച്ചെടുക്കണമെന്ന ആവശ്യവും പാർട്ടി അംഗീകരിച്ചിരുന്നില്ല. നേരത്തെ പലതരത്തിലുള്ള സമവായ ചർച്ചകൾ പി.കെ. ശശിയുമായി സിപിഎം നടത്തിയിരുന്നു. ഇതിലൊന്നും പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് രാജി വയ്ക്കുന്നതെന്നാണ് സൂചന. അതേസമയം യുഡിഎഫ് സ്ഥാനാർഥി ആകുമെന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിക്കാൻ കോൺഗ്രസോ യുഡിഎഫ് നേതൃത്വമോ തയ്യാറായിട്ടില്ല. ഇതിനിടെ നിർണായക രാഷ്ട്രീയ തീരുമാനങ്ങൾ പി.കെ. ശശിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നാണ് വിവരം. പി.കെ. ശശി പാർട്ടി വിടുന്നത് ഒറ്റപ്പാലം, ഷൊർണൂർ, മണ്ണാർകാട് മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കും.

ഈ മണ്ഡലങ്ങളിൽ പാർട്ടിയിൽ സ്വാധീനമുള്ള പി.കെ. ശശി വിമതനാകുന്നത് സിപിഎമ്മിന് തലവേദനയാകും. അഴിമതി ആരോപണങ്ങളെ തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും നേരത്തെ പി.കെ. ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിന് ശേഷം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഇതിന് പിന്നാലെയാണ് സാമ്പത്തിക ആരോപണങ്ങളുയർന്നത്. പിന്നീട് ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പല പ്രവർത്തകർക്കും സഹകരണ മേഖലയിൽ നിന്നടക്കം ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങളുമുണ്ടായി.
