ഓട്ടവ : റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് കാനഡയിൽ അഭയം തേടിയ യുക്രെയ്ൻ പൗരന്മാർക്ക് സ്ഥിരതാമസത്തിന് എളുപ്പവഴികൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇമിഗ്രേഷൻ വിദഗ്ധർ. യുദ്ധം അവസാനിച്ചാൽ ഇവർ മാതൃരാജ്യത്തേക്ക് മടങ്ങണമെന്ന ഇമിഗ്രേഷൻ വകുപ്പിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ഇവർ. റഷ്യൻ അധിനിവേശം നാല് വർഷം പിന്നിടുമ്പോൾ, പലർക്കും മടങ്ങിപ്പോകാൻ വീടുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലെന്നും, അവർ ഇതിനകം കനേഡിയൻ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായിക്കഴിഞ്ഞെന്നും ടൊറന്റോ ആസ്ഥാനമായുള്ള ഇമിഗ്രേഷൻ കൺസൾട്ടന്റ് ഇവ്‌ലീന ഷാറ്റിലോവ ചൂണ്ടിക്കാട്ടി.

യുദ്ധക്കെടുതിയിൽ നിന്ന് രക്ഷപ്പെടാൻ CUAET വീസ വഴി കാനഡയിലെത്തിയവർക്ക് നിലവിൽ താൽക്കാലിക താമസത്തിന് മാത്രമേ അനുമതിയുള്ളൂ. അർഹരായ വീസ ഉടമകൾക്ക് തങ്ങളുടെ വർക്ക് പെർമിറ്റോ സ്റ്റഡി പെർമിറ്റോ 2026 മാർച്ച് 31-നകം മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ അപേക്ഷിക്കാമെന്ന് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ യുക്രെയ്നിലെ ഊർജ്ജ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർന്ന സാഹചര്യത്തിൽ, അഞ്ചോ പത്തോ വർഷം കഴിഞ്ഞാലും പൂർണ്ണമായ മടക്കം പ്രായോഗികമാകില്ലെന്ന് യുക്രെയ്ൻ സ്വദേശികൾ പറയുന്നു. തങ്ങളെ മടക്കി അയക്കാതെ കാനഡയിൽ സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ സർക്കാർ പ്രത്യേക സ്ഥിരതാമസ പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് അവരുടെ ആവശ്യം.
