ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഭരണകൂടം ഇറാനെതിരെ നിലപാട് കടുപ്പിച്ചതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടരുന്നു. നയതന്ത്ര ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുമ്പോഴും ഇരുരാജ്യങ്ങളും സൈനിക വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം അമ്പതിലധികം അത്യാധുനിക യുഎസ് യുദ്ധവിമാനങ്ങള്‍ ഗള്‍ഫ് മേഖലയിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ട്. എഫ്-35, എഫ്-22, എഫ്-16 വിഭാഗത്തില്‍പ്പെട്ട പോര്‍വിമാനങ്ങളാണ് ഇറാന് ചുറ്റും വ്യോമവ്യൂഹം തീര്‍ക്കുന്നതിനായി പെന്റഗണ്‍ വിന്യസിച്ചിരിക്കുന്നത്.
ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും ട്രംപ് ഭരണകൂടം തൃപ്തരല്ല. ഉപരോധം പിന്‍വലിച്ചാല്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ മുന്നോട്ടുവെക്കുന്ന കര്‍ശനമായ കരാറുകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനിലെ ‘അപകടകാരിയായ ഭരണകൂടത്തിനെതിരെ’ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഡീഗോ ഗര്‍സിയ ദ്വീപിലെ യുഎസ് വ്യോമതാവളം ഇതിനായി സജ്ജമാണെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ ഭീഷണിയെ പ്രതിരോധിക്കാന്‍ ഇറാനും വിപുലമായ സൈനിക നീക്കങ്ങളാണ് നടത്തുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നാവികാഭ്യാസം തുടരുകയാണ്. ഇതിനുപുറമെ, ചൈനയുടെയും റഷ്യയുടെയും സഹകരണത്തോടെ ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ നാളെ സംയുക്ത സൈനികാഭ്യാസം നടക്കും. അമേരിക്കയുടെ പടയൊരുക്കത്തിന് മറുപടിയായി തങ്ങളുടെ കരുത്ത് തെളിയിക്കാനാണ് ഇറാന്റെ നീക്കം.
സൈനിക നീക്കങ്ങള്‍ക്ക് പുറമെ ഇറാനെതിരെ സാമ്പത്തിക-നയതന്ത്ര സമ്മര്‍ദ്ദവും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. പൗരാവകാശ ലംഘനം ആരോപിച്ച് 18 ഇറാന്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ വിലക്കേര്‍പ്പെടുത്തി. അതേസമയം, മേഖലയില്‍ സൈനിക നടപടി ഉണ്ടാകുന്നത് ആപല്‍ക്കരമാണെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
