Thursday, February 19, 2026

‘ഇന്ത്യയിലേക്ക് എപ്പോള്‍ വരാനാകുമെന്ന് പറയാന്‍ കഴിയില്ല’; വിജയ് മല്യ ഹൈക്കോടതിയില്‍

ബോംബെ: ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ എപ്പോള്‍ കഴിയുമെന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്ന് പ്രമുഖ വ്യവസായി വിജയ് മല്യ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ നിലവില്‍ കൈവശമില്ലാത്തതാണ് ഇതിന് തടസ്സമെന്ന് അദ്ദേഹം അഭിഭാഷകന്‍ മുഖേന കോടതിയില്‍ ബോധിപ്പിച്ചു. ചീഫ് ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവു, ജസ്റ്റിസ് ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് മല്യയുടെ ഹര്‍ജി പരിഗണിച്ചത്.

തന്റെ അഭാവത്തില്‍ തന്നെ ‘പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി’ (FEO) ആയി പ്രഖ്യാപിച്ച കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് മല്യ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, മല്യ നേരിട്ട് ഹാജരാകാതെ ഇത്തരമൊരു ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലേക്ക് എന്നുവരാന്‍ കഴിയുമെന്ന കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനാണ്, കൃത്യമായ സമയം പറയാനാകില്ലെന്നും യാത്രാരേഖകള്‍ ഇല്ലെന്നുമുള്ള മറുപടി അദ്ദേഹം നല്‍കിയത്.

വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടിയിലധികം രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ 2016 മാര്‍ച്ചിലാണ് മല്യ ലണ്ടനിലേക്ക് കടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതി 2019 ജനുവരിയിലാണ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. ഈ നടപടിയെയും സാമ്പത്തിക കുറ്റവാളി നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെയുമാണ് മല്യ ഇപ്പോള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്.

നിലവില്‍ ലണ്ടനില്‍ കഴിയുന്ന മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. ബ്രിട്ടനിലെ നിയമക്കുരുക്കുകള്‍ കാരണമാണ് മല്യയുടെ നാടുകടത്തല്‍ വൈകുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!