വാഷിങ്ടൺ: അന്യഗ്രഹ ജീവികളെയും UFO- കളെയും കുറിച്ചുള്ള ഔദ്യോഗിക ഫയലുകൾ കണ്ടെത്താനും അവ പുറത്തുവിടാനും ഫെഡറൽ ഏജൻസികൾക്ക് നിർദ്ദേശം നൽകി ഡോണൾഡ് ട്രംപ് .അമേരിക്കക്കാർ പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന ഈ ആവശ്യം നടപ്പിലാക്കാൻ താൻ ഒരുങ്ങുകയാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ജനങ്ങൾക്കിടയിലുള്ള വലിയ താൽപ്പര്യം കണക്കിലെടുത്ത്, സെക്രട്ടറി ഓഫ് വാർ ഉൾപ്പെടെയുള്ള വകുപ്പുകളോടും ഏജൻസികളോടും അന്യഗ്രഹ ജീവികൾ, തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങൾ (UAP) എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കാൻ താൻ ആവശ്യപ്പെടുമെന്ന് ട്രംപ് പറഞ്ഞു. ഈ വിഷയങ്ങൾ അത്യന്തം സങ്കീർണ്ണവും എന്നാൽ പ്രധാനപ്പെട്ടതുമാണെന്ന് വിശേഷിപ്പിച്ച ട്രംപ്, രഹസ്യ രേഖകൾ പുറത്തുവിടുമോ എന്ന കാര്യത്തിൽ കൃത്യമായ സൂചന നൽകിയില്ലെങ്കിലും ലഭ്യമായ എല്ലാ വിവരങ്ങളും ഫയലുകളിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഇതിനിടെ, തന്റെ മുൻഗാമിയായ ബരാക് ഒബാമ ഒരു പോഡ്‌കാസ്റ്റിൽ അന്യഗ്രഹ ജീവികളെക്കുറിച്ച് സംസാരിക്കവേ രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തിയതായി ട്രംപ് ആരോപിച്ചു. അന്യഗ്രഹ ജീവികൾ ഉണ്ടെന്നത് സത്യമാണെന്നും എന്നാൽ അവരെ ഏരിയ 51-ൽ പാർപ്പിച്ചിട്ടില്ലെന്നും ഒബാമ പറഞ്ഞിരുന്നു. അവിടെ ഭൂഗർഭ സൗകര്യങ്ങൾ ഒന്നുമില്ലെന്നും തന്നെപ്പോലും അറിയിക്കാത്ത വിധത്തിലുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകൂ എന്നും ഒബാമ തമാശരൂപേണ പറയുകയുണ്ടായി. എന്നാൽ ഒബാമ വെളിപ്പെടുത്തിയത് രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണെന്നും അദ്ദേഹം അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അന്യഗ്രഹ ജീവികളുടെ നിലനിൽപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് അവ യഥാർത്ഥമാണോ എന്ന് അറിയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇതുവരെ ഭൂമിക്കപ്പുറം ജീവിവർഗങ്ങൾ ഉള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, സമീപകാലത്ത് ആകാശത്ത് കണ്ടുവരുന്ന അസാധാരണമായ പ്രതിഭാസങ്ങളെക്കുറിച്ചുള്ള അന്വേഷണം അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. ശത്രുരാജ്യങ്ങൾ വികസിപ്പിച്ച അത്യാധുനിക സാങ്കേതികവിദ്യകളാണോ ഇതെന്ന ആശങ്കയും യുഎസ് സർക്കാരിനുണ്ട്. എങ്കിലും, 2024 മാർച്ചിൽ പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിൽ ഇവ അന്യഗ്രഹ സാങ്കേതികവിദ്യയാണെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
