ന്യൂഡല്‍ഹി: തലസ്ഥാന നഗരിയുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ലഷ്‌കറെ തയിബ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ചെങ്കോട്ട, തിരക്കേറിയ ചാന്ദ്‌നി ചൗക്ക് തുടങ്ങിയ സ്ഥലങ്ങളെ ലക്ഷ്യമിട്ടാണ് ഭീകരര്‍ നീക്കം നടത്തുന്നത്. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (IED) ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങള്‍ക്കും ചാവേര്‍ ആക്രമണങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഫെബ്രുവരി ആറിന് പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന് പകരമായാണ് സംഘടന ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നതെന്നാണ് സൂചന. ഇസ്ലാമാബാദിലെ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഭീകര സംഘടനകള്‍ തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.

2025 നവംബറില്‍ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് പുതിയ മുന്നറിയിപ്പിനെ കാണുന്നത്. അന്ന് ലാല്‍ ക്വില മെട്രോ സ്റ്റേഷന് സമീപം കാര്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റ്, ജുമാ മസ്ജിദ് തുടങ്ങിയ ഇടങ്ങളിലും മുന്‍പ് ഭീകര സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷാ പരിശോധന കര്‍ശനമാക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
