യെല്ലോ നൈഫ് : നോർത്ത് വെസ്റ്റ് ടെറിറ്ററീസ് 2026-ലെ നോമിനേഷൻ അലോക്കേഷനും അപേക്ഷാ രീതിയിലെ പുതിയ മാറ്റങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വർഷം 197 നോമിനേഷൻ അലോക്കേഷനാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷവും ഇതേ നാമനിർദ്ദേശ വിഹിതമായിരുന്നു നോർത്ത് വെസ്റ്റ് ടെറിറ്ററീസിന് അനുവദിച്ചിരുന്നത്.

എൻടിഎൻപി (NTNP), അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനായി എക്സ്പ്രഷൻ ഓഫ് ഇന്‍ററസ്റ്റ് (EOI) എന്ന പുതിയ മോഡൽ അവതരിപ്പിച്ചു. മാർച്ച് 9-ന് രാവിലെ 9 മണി മുതൽ (MST) പുതിയ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. തൊഴിലുടമകൾ വഴി അപേക്ഷിക്കുന്ന ‘എംപ്ലോയർ ഡ്രിവൺ സ്ട്രീമിനാണ്’ പുതിയ EOI രീതി ബാധകമാകുന്നത്. എൻട്രി ലെവൽ/സെമി സ്കിൽഡ്, സ്കിൽഡ് വർക്കർ, എൻ.ഡബ്ല്യു.ടി എക്സ്പ്രസ് എൻട്രി എന്നീ മൂന്ന് വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ രീതി പ്രകാരം തൊഴിലുടമ ആദ്യം ഓൺലൈൻ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഉദ്യോഗാർത്ഥി സ്വന്തം പ്രൊഫൈൽ പൂളിൽ സമർപ്പിക്കുകയും വേണം. അപേക്ഷകരുടെ പ്രവൃത്തിപരിചയം, ഭാഷാ പ്രാവീണ്യം, പ്രവിശ്യയുമായുള്ള ബന്ധം, തൊഴിൽ വിപണിയിലെ ആവശ്യം എന്നിവ കണക്കിലെടുത്ത് പോയിൻ്റുകൾ നൽകും. ഉയർന്ന പോയിൻ്റ് ലഭിക്കുന്നവർക്കാണ് ഇൻവിറ്റേഷൻ ലഭിക്കുക. അതേസമയം ഫ്രഞ്ച് ഭാഷാ സ്ട്രീമും ബിസിനസ് സ്ട്രീമും പഴയതുപോലെ തന്നെ ‘ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം’ (First-come, first-served) എന്ന രീതിയിൽ തുടരും.
