ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമിണത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെത്തുടര്ന്നുണ്ടായ തര്‍ക്കമാണ് വലിയ തോതിലുള്ള അക്രമത്തില്‍ കലാശിച്ചത്. തൃക്കുന്നപ്പുഴ സ്വദേശിയായ വിഷ്ണു എന്നയാളാണ് എതിര് സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയത്.
തോക്ക് ചൂണ്ടിയതോടെ പ്രകോപിതരായ രണ്ടാമത്തെ സംഘം പട്ടിക ഉപയോഗിച്ച് വിഷ്ണുവിനെ തലയ്ക്കടിച്ചു വീഴ്ത്തി. ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ തെരുവില്‍ കൂട്ടത്തല്ല് ആരംഭിക്കുകയായിരുന്നു. ഹരിപ്പാട് നിന്നുള്ള ഗുണ്ടാ സംഘവും തൃക്കുന്നപ്പുഴയിലെ സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. ഒരു ബാറില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കമാണ് പിന്നീട് ഉത്സവപ്പറമ്പിലെ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ മുങ്ങിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പോലീസ് നടത്തിയ തിരച്ചിലില്‍ സംഭവസ്ഥലത്തുനിന്ന് അക്രമികള്‍ ഉപയോഗിച്ച റിവോള്‍വര്‍ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെല്ലാം സ്ഥിരം കുറ്റവാളികളാണെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
