തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തെളിവുകളില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് അങ്ങേയറ്റം സംശയാസ്പദമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ താല്പര്യങ്ങള് മുന്‍നിര്‍ത്തി തന്ത്രിയെ ബോധപൂര്‍വം കുടുക്കുകയായിരുന്നുവെന്നും, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അന്വേഷണത്തിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തതായും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹൈക്കോടതി നല്കിയ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ലെന്നും സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ ദേവസ്വം പ്രസിഡന്റ് ഗുരുതരമായ തെറ്റ് ചെയ്തിട്ടും രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചത് സംശയാസ്പദമാണ്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനിലേക്കും വി.എന്‍. വാസവനിലേക്കും അന്വേഷണം എത്താതിരിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് തന്ത്രിയുടെ അറസ്റ്റിലൂടെ നടന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഈ രാഷ്ട്രീയ കളിക്ക് ജനങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ചുട്ട മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞു. റീത്ത് വെച്ചുള്ള പ്രതിഷേധം സി.പി.എമ്മിന്റെ ശൈലിയാണെന്നും അത്തരം സമരമുറകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുടരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീടിന് മുന്നില്‍ റീത്ത് വെച്ചത് വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു.
