മെൽബൺ: ഓസ്‌ട്രേലിയയിലെ തീവ്ര വലതുപക്ഷ പ്രവർത്തകനായ തോമസ് സെവൽ ഇന്ത്യക്കാർക്കെതിരെ നടത്തിയ വംശീയ പരാമർശങ്ങൾ വിവാദമായി. മെൽബൺ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ്, ഓസ്‌ട്രേലിയ ഇന്ത്യയെപ്പോലെയുള്ള ഒരു മൂന്നാം ലോക രാജ്യമായി മാറാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സെവൽ പ്രസ്താവിച്ചത്. ഓസ്‌ട്രേലിയയിലെ വെള്ളക്കാരുടെ ജനസംഖ്യ കുറഞ്ഞു വരുന്നതിനെ മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സെവൽ ആരോപിച്ചു. ലക്ഷക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാർ രാജ്യത്ത് തങ്ങുന്നത് ശരാശരി ഓസ്‌ട്രേലിയക്കാരൻ ആഗ്രഹിക്കുന്നില്ലെന്നും സെവൽ പറഞ്ഞു. ഓസ്‌ട്രേലിയയിലെ തദ്ദേശീയ വിഭാഗങ്ങളുടെ ക്യാമ്പിൽ അതിക്രമം നടത്തിയതടക്കം 25 കുറ്റപത്രങ്ങളാണ് 32-കാരനായ സെവലിനെതിരെയുള്ളത്. നിലവിൽ പിരിച്ചുവിടപ്പെട്ട ‘നാഷണൽ സോഷ്യലിസ്റ്റ് നെറ്റ്‌വർക്ക്’ എന്ന നവ-നാസി ഗ്രൂപ്പിന്റെ നേതാവായിരുന്നു ഇയാൾ.

അഭിമുഖത്തിനിടെ സെവലിന്റെ വാക്കുകളെ ചോദ്യം ചെയ്തവരെ അദ്ദേഹം വ്യക്തിപരമായി അധിക്ഷേപിച്ചത് അവിടെ നേരിയ സംഘർഷത്തിന് കാരണമായി. അതേ സമയം സെവലിന്റെ ആരോപണങ്ങൾ ഓസ്‌ട്രേലിയയിലെ ഔദ്യോഗിക കണക്കുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന റിപ്പോർട്ടും പുറത്തുവന്നു. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) നൽകുന്ന വിവരങ്ങൾ പ്രകാരം ഓസ്‌ട്രേലിയയിലെ ജനസംഖ്യയുടെ ഏകദേശം 70%-ത്തിലധികം ഇപ്പോഴും യൂറോപ്യൻ പാരമ്പര്യമുള്ളവരാണ്. ഓസ്‌ട്രേലിയൻ ജനസംഖ്യയുടെ വെറും 3.1% (ഏകദേശം 7.8 ലക്ഷം പേർ) മാത്രമാണ് ഇന്ത്യൻ വംശജർ. ഇവർ രാജ്യത്തെ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്നവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരുമായ കുടിയേറ്റ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ്. സെവലിൻ്റെ ആരോപണം പോലെ ഇവരാരും തന്നെ അനധികൃതമായി എത്തുന്നവരല്ലെന്നും ഭൂരിഭാഗം പേരും സ്‌കിൽഡ് വീസ വഴിയാണ് രാജ്യത്തെത്തുന്നതെന്നുമാണ് കണക്കുകൾ പുറത്തുവന്നത്.
