ഓട്ടവ: യു.എസിൻ്റെ ശക്തമായ സാമ്പത്തിക ഉപരോധത്തെത്തുടർന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ക്യൂബയ്ക്ക് സഹായം നൽകാൻ കാനഡ. കമ്യൂണിസ്റ്റ് ഭരണകൂടത്തെ സാമ്പത്തികമായി തളർത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എണ്ണ വിതരണം തടഞ്ഞ സാഹചര്യത്തിലാണ് കാനഡയുടെ നിർണ്ണായക ഇടപെടൽ.
ക്യൂബയിലെ പ്രതിസന്ധി ഒഴിവാക്കാൻ പ്രത്യേക സഹായ പദ്ധതി തയ്യാറാക്കുകയാണെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ക്യൂബയിലേക്കുള്ള എണ്ണക്കപ്പലുകൾ തടയാനും എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ അധിക നികുതി ചുമത്താനും ട്രംപ് ഭരണകൂടം ഉത്തരവിട്ടതാണ് പ്രതി രൂക്ഷമാക്കിയത്. മെക്സിക്കോ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ക്യൂബയിലേക്കുള്ള എണ്ണ വിതരണം താത്കാലകമായി നിറുത്തിവച്ചതും സ്ഥിതി ഗുരുതരമാക്കിയത്.

ഇന്ധനമില്ലാത്തതിനാൽ ക്യൂബയിൽ ട്രെയിൻ, ബസ് ഗതാഗതം നിലച്ചതിനാൽ ജനജീവിതം സ്തംഭിച്ച സാഹചര്യമാണ് നിലനിൽക്കുന്നത്. ആശുപത്രികളുടെ പ്രവർത്തനത്തെയും കുടിവെള്ള വിതരണത്തെയും ഈ സാഹചര്യം മോശമായി ബാധിക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. ക്യൂബ വിഷയത്തിൽ യു.എസുമായി കാനഡ പരസ്യമായ ഭിന്നത പുലർത്തുകയാണ്. യുഎസ് അധീശത്വത്തിനെതിരെ ഇടത്തരം ശക്തികൾ ഒരുമിക്കണമെന്ന് മാർക്ക് കാർണി നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. വെനസ്വേലയിലെ നിക്കോളാസ് മഡുറോയുടെ പുറത്താക്കലിന് ശേഷം ലാറ്റിനമേരിക്കയിൽ സ്വാധീനം കൂട്ടാനുള്ള ഒരുക്കത്തിലാണ് യു.എസ്. ട്രംപിന്റെ ഈ കടുത്ത നിലപാടുകൾ മേഖലയിൽ പുതിയ നയതന്ത്ര യുദ്ധത്തിന് വഴിതുറന്നിരിക്കുകയാണ്.
