ലണ്ടന്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വെളിപ്പെട്ടതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രമുഖനും മുന്‍ യുഎസ് അംബാസഡറുമായ പീറ്റര്‍ മണ്ടേല്‍സണെ (72) ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുപദവി ദുരുപയോഗം ചെയ്തു എന്ന സംശയത്തിലാണ് ലണ്ടനിലെ കാംഡെനിലുള്ള വസതിയില്‍ നിന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എപ്സ്റ്റീന് ഫയലുകളുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ചര്‍ച്ചയാകുന്ന രണ്ടാമത്തെ പ്രധാന അറസ്റ്റാണിത്. കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് രാജകുടുംബാംഗവും ചാള്‍സ് രാജാവിന്റെ സഹോദരനുമായ ആന്‍ഡ്രൂ രാജകുമാരനെയും സമാനമായ ആരോപണങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജനുവരിയില്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇമെയിലുകളാണ് മണ്ടേല്‍സണെ കുടുക്കിയത്. പൊതുസമൂഹം കരുതിയതിനേക്കാള്‍ അടുത്ത ബന്ധം ഇവര്‍ തമ്മിലുണ്ടായിരുന്നുവെന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നു. 2009-ല്‍ ഗോര്‍ഡന്‍ ബ്രൗണ്‍ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ മണ്ടേല്‍സണ്‍ എപ്സ്റ്റീന് അതീവ രഹസ്യമായ ചില സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിനെത്തുടര്‍ന്ന് മണ്ടേല്‍സന്റെ കാംഡെനിലെയും വില്‍റ്റ്ഷെയറിലെയും വീടുകളില്‍ പൊലീസ് വിശദമായ പരിശോധന നടത്തി.

എപ്സ്റ്റീനുമായുള്ള സൗഹൃദത്തില്‍ താന്‍ ആഴത്തില്‍ ഖേദിക്കുന്നുവെന്ന് നേരത്തെ മണ്ടേല്‍സണ്‍ പ്രതികരിച്ചിരുന്നു. എന്നിരുന്നാലും, വിവരങ്ങള്‍ പുറത്തുവന്നതോടെ 2025 സെപ്റ്റംബറില്‍ അദ്ദേഹത്തെ അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ‘ന്യൂ ലേബര്‍’ പദ്ധതിയുടെ മുഖ്യ ശില്പികളിലൊരാളായ മണ്ടേല്‍സണ്‍ ഇതിനുമുമ്പും അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് രണ്ടുതവണ മന്ത്രിസ്ഥാനം രാജിവെച്ചിട്ടുണ്ട്. ആന്‍ഡ്രൂ രാജകുമാരന്റെയും മണ്ടേല്സന്റെയും അറസ്റ്റോടെ എപ്സ്റ്റീന് കേസില്‍ കൂടുതല്‍ ഉന്നതര്‍ കുടുങ്ങുമെന്നാണ് സൂചന.
