ഓട്ടവ: കനേഡിയൻ സൈന്യത്തിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരായ സൈനികരെ റിക്രൂട്ട് ചെയ്യാൻ ഫെഡറൽ സർക്കാർ. ഇതിനായി കാനഡയുടെ കുടിയേറ്റ വകുപ്പ് പ്രത്യേക സഹായം നൽകുമെന്ന് സൈനിക മേധാവി ജനറൽ ജെനി കാരിഗ്നാൻ അറിയിച്ചു. എഫ്-35 യുദ്ധവിമാനങ്ങൾ പറത്താൻ അറിയാവുന്ന പൈലറ്റുമാർ, കപ്പൽ സാങ്കേതിക വിദഗ്ധർ എന്നിവർക്കാണ് പ്രധാനമായും മുൻഗണന നൽകുന്നത്.
നാറ്റോ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ സഖ്യകക്ഷികളിലെ സൈനികർക്കും കാനഡയിലേക്ക് മാറുന്നത് എളുപ്പമാക്കും. പുതിയ സൈനികർക്ക് വർഷങ്ങളോളം പരിശീലനം നൽകുന്നതിലെ താമസം ഒഴിവാക്കാൻ, നേരത്തെ തന്നെ പരിശീലനം ലഭിച്ച വിദേശ സൈനികരെ കൊണ്ടുവരുന്നത് ഗുണകരമാകുമെന്ന് സൈന്യം കരുതുന്നു. അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അതൃപ്തിയുള്ള സൈനികരെയും കാനഡ ലക്ഷ്യമിടുന്നുണ്ട്.

വിദേശത്തുനിന്ന് വരുന്ന സൈനികർക്കും ഡോക്ടർമാർക്കും നഴ്സുമാർക്കും വേഗത്തിൽ സ്ഥിരതാമസ അനുമതി (PR) ലഭിക്കുന്നതിനായി എക്സ്പ്രസ് എൻട്രി പദ്ധതിയിൽ പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി സർക്കാർ പ്രഖ്യാപിച്ച 660 കോടി ഡോളറിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇതിലൂടെ സൈന്യത്തിലെ ഒഴിവുകൾ വേഗത്തിൽ നികത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
