Tuesday, February 24, 2026

നോവസ്‌കോഷ ബജറ്റ്: 120 കോടി ഡോളർ കമ്മി; സർക്കാർ സർവീസുകളിൽ വൻ വെട്ടിക്കുറയ്ക്കൽ

ഹാലിഫാക്സ്: സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും ജനസംഖ്യാ വളർച്ചയിലെ കുറവും മൂലം പ്രതിസന്ധിയിലായ നോവസ്കോഷ 120 കോടി ഡോളറിന്റെ കമ്മി ബജറ്റ് അവതരിപ്പിച്ചു. പൊതുസേവന മേഖലയിലും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കുള്ള ധനസഹായത്തിലും വൻ വെട്ടിക്കുറവുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി ജോൺ ലോർ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്.

സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്നതോടൊപ്പം ജനങ്ങൾക്കാവശ്യമായ അടിസ്ഥാന സേവനങ്ങൾ സംരക്ഷിക്കാനാണ് 1890 കോടി ഡോളറിന്റെ ഈ ബജറ്റ് ശ്രമിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രവിശ്യയുടെ ജനസംഖ്യാ വളർച്ചാ നിരക്ക് ഗണ്യമായി കുറയുമെന്നും സാമ്പത്തിക വളർച്ച 1.5 ശതമാനത്തിലേക്ക് താഴുമെന്നും ബജറ്റ് രേഖകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി സിവിൽ സർവീസ് മേഖലയിൽ ഓരോ വർഷവും അഞ്ച് ശതമാനം വീതം തസ്തികകൾ വെട്ടിക്കുറയ്ക്കും. കൂടാതെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ജീവനക്കാർ ഉൾപ്പെടുന്ന വിശാലമായ പൊതുസേവന വിഭാഗത്തിൽ മൂന്ന് ശതമാനം കുറവും വരുത്തും. ഇത്തരത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ നാല് വർഷത്തിനുള്ളിൽ 9.5 കോടി ഡോളർ ലാഭിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.

വിവിധ സംഘടനകൾക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കുമായി നൽകി വന്നിരുന്ന ഗ്രാന്റുകളിൽ 13 കോടി ഡോളറിന്റെ കുറവ് വരുത്തിയിട്ടുണ്ട്. സർക്കാരിന്റെ മുൻഗണനാ പട്ടികയിലുള്ള പദ്ധതികൾക്ക് മാത്രമേ ഇനി മുതൽ ധനസഹായം നൽകൂ എന്ന് മന്ത്രി അറിയിച്ചു. ഇത് പല സംഘടനകൾക്കും പ്രയാസമുണ്ടാക്കുമെങ്കിലും കഠിനമായ തീരുമാനങ്ങൾ എടുക്കാൻ സർക്കാർ നിർബന്ധിതരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാന്റുകളും സർക്കാർ ജോലികളും വെട്ടിക്കുറയ്ക്കുന്നതിലൂടെ 2026-27 വർഷത്തിൽ 30.4 കോടി ഡോളർ ലാഭിക്കാമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിലും പ്രവിശ്യയുടെ മൊത്തം ചെലവ് 7.8 ശതമാനം വർധിക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം പ്രതിപക്ഷ പാർട്ടികൾ ബജറ്റിനെ ശക്തമായി വിമർശിച്ചു. സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെയും അമിത ചെലവുകളുടെയും ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണെന്ന് എൻ.ഡി.പി നേതാവ് ക്ലോഡിയ ചെൻഡർ ആരോപിച്ചു. സർക്കാരിന് സുതാര്യതയില്ലെന്നും ബജറ്റിന് പുറത്തുള്ള വൻ ചെലവുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ലിബറൽ പാർട്ടി ലീഡർ ഇയാൻ റാങ്കിൻ കുറ്റപ്പെടുത്തി. എന്നാൽ മുൻ സർക്കാരുകൾ അവഗണിച്ച വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തതും പ്രകൃതിക്ഷോഭങ്ങളും രാജ്യാന്തര വ്യാപാര യുദ്ധങ്ങളും ഉണ്ടാക്കിയ പ്രതിസന്ധിയുമാണ് ഇപ്പോഴത്തെ കർശന നടപടികൾക്ക് കാരണമെന്ന് പ്രീമിയർ ടിം ഹൂസ്റ്റൺ പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!