Wednesday, February 25, 2026

ഇറാന്‍- അമേരിക്ക മൂന്നാം ഘട്ട ചര്‍ച്ച നാളെ; ഗള്‍ഫില്‍ യുദ്ധഭീതി

ജനീവ: ഇറാനും അമേരിക്കയും തമ്മിലുള്ള നിര്‍ണ്ണായകമായ മൂന്നാം ഘട്ട ആണവ ചര്‍ച്ച നാളെ ജനീവയില്‍. ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ സൈനിക സന്നാഹങ്ങള്‍ വര്‍ധിപ്പിക്കുന്നത് ഗള്‍ഫ് മേഖലയില്‍ യുദ്ധഭീതി വര്‍ധിപ്പിക്കുന്നു. യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന യുഎസ് ആവശ്യം തള്ളിയ ഇറാന്‍, തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

ആണവ കരാറിനുള്ള കരട് നിര്‍ദ്ദേശം മധ്യസ്ഥ രാജ്യമായ ഒമാന് ഇറാന്‍ കൈമാറിയെങ്കിലും ഒരു ധാരണയിലെത്താന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാന്റെ നിലപാടുകളെ വിമര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഉറപ്പുനല്‍കാന്‍ ഇറാന്‍ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തി. നയതന്ത്ര പരിഹാരത്തിനാണ് മുന്‍ഗണനയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കുമ്പോഴും, യുദ്ധം അടിച്ചേല്‍പ്പിക്കപ്പെട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി.

മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ വലിയ തോതിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബഹ്റൈന്‍, ഇറാഖ്, സിറിയ, കുവൈറ്റ് തുടങ്ങി വിവിധ രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന മുപ്പതിനായിരത്തോളം യുഎസ് സൈനികര്‍ ഇറാന്റെ ലക്ഷ്യമായേക്കുമെന്ന് പെന്റഗണ്‍ ആശങ്കപ്പെടുന്നുണ്ട്. ഇതിനിടെ, ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ഇസ്രായേലും, തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജര്‍മ്മനിയും രംഗത്തെത്തി. ഗള്‍ഫ് കടലില്‍ ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ സൈനികാഭ്യാസങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!