ജെറൂസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായി പശ്ചിമേഷ്യയില്‍ പുതിയ ഭൗമരാഷ്ട്രീയ സഖ്യത്തിന് രൂപം നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘ഹെക്‌സഗണ്‍ ഓഫ് അലയന്‍സ്’ (Hexagon of Alliances) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ആറംഗ സഖ്യത്തില്‍ ഇന്ത്യയെ അതീവ പ്രാധാന്യമുള്ള തന്ത്രപരമായ പങ്കാളിയായാണ് ഇസ്രായേല്‍ കാണുന്നത്. ഫെബ്രുവരി 25, 26 തീയതികളില്‍ പ്രധാനമന്ത്രി മോദി ഇസ്രായേലില്‍ എത്തുന്നതോടെ ഈ സഖ്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളെയും ശത്രുരാജ്യങ്ങളുടെ കൂട്ടായ്മകളെയും പ്രതിരോധിക്കുക എന്നതാണ് ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയെക്കൂടാതെ ഇസ്രായേല്‍, ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങളാണ് സഖ്യത്തിലെ പ്രധാനികള്‍. ഇതിന് പുറമെ മറ്റ് അറബ്, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളും ഇതിന്റെ ഭാഗമാകുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷ, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കല്‍, പ്രതിരോധം എന്നീ മേഖലകളില്‍ ആഴത്തിലുള്ള സഹകരണമാണ് ഈ പുതിയ സുരക്ഷാ വലയത്തിലൂടെ നെതന്യാഹു വിഭാവനം ചെയ്യുന്നത്.

ഇറാന്‍ അനുകൂല ഗ്രൂപ്പുകളെയും ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദ ശൃംഖലകളെയും ഒരുപോലെ നേരിടാന്‍ സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ ഈ കൂട്ടായ്മ സഹായിക്കുമെന്ന് നെതന്യാഹു വിശ്വസിക്കുന്നു. സൗദി അറേബ്യയും പാകിസ്ഥാനും ചേര്‍ന്ന് രൂപീകരിച്ച ‘ഇസ്ലാമിക് നാറ്റോ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിരോധ കരാറിനുള്ള മറുപടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്. നേരത്തെ ഇന്ത്യ-യുഎഇ-ഇസ്രായേല്‍-ഗ്രീസ് രാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന അനൗദ്യോഗിക ധാരണകളെ ഒരു ഔദ്യോഗിക സുരക്ഷാ ചട്ടക്കൂടിലേക്ക് മാറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പശ്ചിമേഷ്യയിലെ തന്ത്രപരമായ സ്വാധീനം ഉറപ്പിക്കാന്‍ ഈ സഖ്യം വലിയ കരുത്തേകും. ഐ2യു2 (I2U2) കൂട്ടായ്മയ്ക്കും എബ്രഹാം ഉടമ്പടിക്കും അപ്പുറം, ഒരു ബഹുമുഖ സുരക്ഷാ സഖ്യത്തിന്റെ ഭാഗമാകുന്നത് ഇന്ത്യയുടെ പ്രതിരോധ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ ഈ സഖ്യത്തെക്കുറിച്ചുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും.
