കീവ്: റഷ്യ യുക്രെയ്നിൽ യുദ്ധം നാലാംവർഷത്തിലേക്ക് കടക്കുമ്പോൾ അധിനിവേശം ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് ലോകമെങ്ങും. ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ രക്തച്ചൊരിച്ചിലായിരുന്നു ഇതെന്ന് തന്നെ പറയാം. വാക്കുകളേക്കാൾ ചിത്രങ്ങൾ സംസാരിക്കുന്ന പുതിയ കാലത്ത് ഒരു വശത്ത് യുദ്ധം തളർത്തിയ നേതാവും മറുവശത്ത് ഭാവമാറ്റങ്ങളില്ലാത്ത ഭരണാധികാരിയുമാണുള്ളത്. അകാലവാർധക്യത്തിലെത്തിയ പ്രതീതിയിൽ വൊളോഡിമിർ സെലെൻസ്കിയെ കാണുമ്പോൾ അന്നത്തേതിലും ഒരു മാറ്റവുമില്ലാത്ത മുഖഭാവവുമായാണ് പതിവിലും ചടുലതയോടെയാണ് പുടിൻ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നത്.

2019-ൽ 73 ശതമാനം വോട്ട് നേടി അധികാരത്തിലെത്തുമ്പോൾ വൊളോഡിമിർ സെലെൻസ്കി ഒരു പ്രമുഖ ഹാസ്യനടനും ഊർജ്ജസ്വലനായ യുവാവുമായിരുന്നു. എന്നാൽ നാല് വർഷത്തെ യുദ്ധം അദ്ദേഹത്തിന്റെ രൂപത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. ക്ലീൻ ഷേവ് ചെയ്തിരുന്ന പഴയ ലുക്കിന് പകരം ഇപ്പോൾ നരച്ചു തുടങ്ങിയ താടിയും സൈനിക വേഷവുമാണ് അദ്ദേഹത്തിന്റെ അടയാളം. യുദ്ധത്തിന്റെ സമ്മർദ്ദവും തളർച്ചയും അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. യുദ്ധത്തിന്റെ ആദ്യ നാളുകളിൽ രാജ്യം വിടാനുള്ള യു.എസ് വാഗ്ദാനം നിരസിച്ച് ബങ്കറിലിരുന്ന് പോരാട്ടം നയിച്ച അദ്ദേഹം ഇന്നും ഉറച്ച നിലപാടിൽ തുടരുകയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ആകട്ടെ, യുദ്ധത്തിന് മുൻപുള്ള അതേ ഗൗരവമേറിയ ഭാവത്തിൽ തന്നെ യാതൊരു തളർച്ചയോ, അസ്വസ്ഥതകളോ ഇല്ലാതെയാണ് ലോകം കാണുന്നത്.

ക്രെംലിനിലെ വലിയ ഹാളിൽ ഇരുന്ന് സംസാരിക്കുന്ന പുടിൻ, ഉപരോധങ്ങൾക്കിടയിലും രാജ്യം സാധാരണ നിലയിലാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ശ്രമിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും യുദ്ധത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ തയ്യാറായിട്ടില്ല.
നാല് വർഷം പിന്നിടുമ്പോൾ യുക്രെയ്ൻ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഊർജ്ജക്ഷാമം മൂലം ജനങ്ങൾ തണുപ്പുകാലത്ത് ഏറെ ദുരിതമനുഭവിക്കുന്നു. കൂടാതെ, റഷ്യയ്ക്ക് കീഴടങ്ങിയ പ്രദേശങ്ങൾ വിട്ടുകൊടുത്തുകൊണ്ട് ഒരു സമാധാന കരാറിലെത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്നുമേൽ സമ്മർദ്ദം ചെലുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഭൂപ്രദേശം വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് സെലെൻസ്കി ആവർത്തിച്ച് വ്യക്തമാക്കുന്നു.
