കാബൂൾ : പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം തുടങ്ങി അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ആക്രമണം. ഇതോടെ ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. നംഗർഹാർ, പക്ടിക പ്രവിശ്യകളിൽ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണ് ഈ ആക്രമണമെന്നും അഫ്ഗാൻ സൈന്യം പറയുന്നു.

ഫെബ്രുവരി 22-ന് അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ എഴുപതോളം ഭീകരരെ വധിച്ചെന്നാണ് പാക്ക് സൈന്യം അവകാശപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചു. നംഗർഹാർ, പക്ടിക പ്രവിശ്യകളിലെ ഏഴു ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണു പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണം ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരാണെന്നു പാക്കിസ്ഥാൻ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ തിരിച്ചടിച്ചത്.
