വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ നനൈമോയിൽ അത്യാധുനിക വ്യാജ ഡോളർ പ്രചരിക്കുന്നതായി നനൈമോ ആർസിഎംപി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ രണ്ട് മാസത്തിനിടെ വ്യാജ ഡോളറുകളെക്കുറിച്ച് കുറഞ്ഞത് 17 പരാതികളെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് നനൈമോ ആർസിഎംപി അറിയിച്ചു. കള്ളപ്പണം അറിഞ്ഞുകൊണ്ട് ഉപയോഗിക്കുന്നതോ കൈവശം വയ്ക്കുന്നതോ കുറ്റകരമാണ്. സാനിച്, സൂക്ക്, സിഡ്നി എന്നിവയുൾപ്പെടെയുള്ള മറ്റ് വൻകൂവർ ഐലൻഡ് കമ്മ്യൂണിറ്റികളിലെ പ്രാദേശിക വ്യാപാര സ്ഥാപനങ്ങളിലും ഇത്തരത്തിൽ വ്യാജ ഡോളറുകൾ വിതരണം ചെയ്യുന്ന കേസുകൾ വർധിക്കുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നു.

ഒറിജിനലിനെ വെല്ലുന്ന രീതിയിൽ ഉയർന്ന നിലവാരമുള്ള 50, 100 ഡോളർ നോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. യഥാർത്ഥ കനേഡിയൻ ഡോളറുകൾക്ക് സമാനമായ രീതിയിൽ പോളിമർ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് വ്യാജ കറൻസി നിർമ്മിച്ചിരിക്കുന്നത്. കൂടാതെ യഥാർത്ഥ നോട്ടുകൾക്ക് സമാനമായ രീതിയിൽ ഹോളോഗ്രാമുകളും സുരക്ഷാ സംവിധാനങ്ങളും ഈ നോട്ടുകളിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ സാധാരണക്കാർക്കും വ്യാപാരികൾക്കും ഇവ തിരിച്ചറിയുക പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് അധികൃതർ പറയുന്നു. എല്ലാ വ്യാജ ഡോളറുകൾക്കും സമാനമായ സീരിയൽ നമ്പറുകളുണ്ട്.

വ്യാജ നോട്ടുകൾ തിരിച്ചറിയാൻ നോട്ടിലെ സുരക്ഷാ ഫീച്ചറുകൾ സൂക്ഷ്മമായി പരിശോധിക്കണമെന്ന് ബാങ്ക് ഓഫ് കാനഡ നിർദ്ദേശിക്കുന്നു. പോളിമർ നോട്ടുകളിലെ ട്രാൻസ്പാരന്റ് വിൻഡോ, അതിലെ ലോഹനിർമ്മിതമായ ചിത്രങ്ങൾ, നോട്ടിലെ ഉയർന്നു നിൽക്കുന്ന മഷി എന്നിവ പരിശോധിക്കുന്നത് ഗുണകരമാകും. അബദ്ധവശാൽ ഒരു വ്യാജ നോട്ട് സ്വീകരിച്ചാൽ പിന്നീട് അതിന് പകരമായി ബാങ്കിൽ നിന്ന് പണം ലഭിക്കില്ലെന്നും, അത് ഉപയോഗിക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. സംശയാസ്പദമായ നോട്ടുകൾ ലഭിച്ചാൽ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
