ബ്രാംപ്ടൺ : കഴിഞ്ഞ വർഷം ബ്രാംപ്ടണിലെ ഒരു വീട്ടിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ പ്രതിയെ പൊലീസ് തിരയുന്നു. വെടിവെപ്പിൽ ഉൾപ്പെട്ട രണ്ടു പ്രതികളിൽ ഒരാളായ 29 വയസ്സുള്ള മൻപ്രീത് സിങിനായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പീൽ റീജനൽ പൊലീസ് അറിയിച്ചു. 5 അടി 10 ഇഞ്ച് ഉയരവും, ഇടത്തരം ശരീരഘടനയും തവിട്ട് നിറമുള്ള കണ്ണുകളും താടിയുമുള്ള മൻപ്രീത് സിങിന്റെ വലതു കൈത്തണ്ടയിൽ “മന്ന സുഖ്” എന്ന് പച്ചകുത്തിയിട്ടുണ്ട്.

2025 ഓഗസ്റ്റ് 19-നാണ് സംഭവം. കാസിൽമോർ റോഡിനും ഹംബർവെസ്റ്റ് പാർക്ക്വേയ്ക്കും സമീപമുള്ള ഒരു വീട്ടിൽ പ്രതികൾ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു. രണ്ടു പേർക്ക് വെടിയേറ്റതായി പൊലീസ് പറയുന്നു. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടാമത്തെയാൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്നതിനുമുമ്പ് പ്രതികൾ രക്ഷപ്പെട്ടിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ ഒക്ടോബറിൽ, ഒന്നാം പ്രതി ബ്രാംപ്ടണിൽ നിന്നുള്ള 24 വയസ്സുള്ള ദിൽപ്രീത് സിങ്ങിനെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കൊലപാതകകുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. മൻപ്രീത് സിങിനെതിരെ കൊലപാതകം, തോക്ക് ഉപയോഗിച്ചുള്ള ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മൻപ്രീത് ആയുധധാരിയും അപകടകാരിയുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇയാളെ കാണുന്നവർ സമീപിക്കരുതെന്നും പകരം 911 എന്ന നമ്പറിൽ വിളിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
