വൻകൂവർ : പ്രവിശ്യയുടെ തീരപ്രദേശത്ത് ആരംഭിച്ച ന്യൂനമർദ്ദത്തെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയയിലുടനീളം കനത്ത മഞ്ഞുവീഴ്ചയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ഫ്രേസർ കാന്യോൺ, ചിൽക്കോട്ടിൻ എന്നിവിടങ്ങളിലും ബേൺസ് ലേക്ക്, അനാഹിം ലേക്ക്, ലില്ലൂറ്റ്, ലിറ്റൺ എന്നിവയുൾപ്പെടെയുള്ള ലേക്സ് ഡിസ്ട്രിക്റ്റിലും സ്റ്റുവർട്ട്-നെച്ചാക്കോ മേഖലകളിലും ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു.

പ്രിൻസ് ജോർജ്, ക്വസ്‌നെൽ, ഹൈവേ 16 ന്‍റെ ചില ഭാഗങ്ങൾ, കോക്വിഹല്ല ഹൈവേ എന്നിവിടങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. സിക്കാമസ് മുതൽ ഗോൾഡൻ വരെയുള്ള ഹൈവേ 1 ലും, ടെറ്റ് ജൗൺ കാഷെ മുതൽ ആൽബർട്ട അതിർത്തി വരെയുള്ള ഹൈവേ 16 ലും, വാലെമൗണ്ട് ഉൾപ്പെടെയുള്ള നോർത്ത് കൊളംബിയ, കിൻബാസ്‌ക്കറ്റ് മേഖലകളിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകും. 30 സെന്റീമീറ്റർ വരെ മഞ്ഞു പെയ്യുന്ന ഹോപ്പ് മുതൽ മെറിറ്റ് വരെയുള്ള കോക്വിഹല്ലയിലും മുന്നറിയിപ്പ് ബാധകമാണ്. പ്രിൻസ് റൂപർട്ട്, ടെറസ്, കിറ്റിമാറ്റ് എന്നിവയുൾപ്പെടെ വടക്കൻ തീരത്ത് പ്രാദേശികമായി കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും, തെക്കൻ പീസ് മേഖലയിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
